
കൊല്ലം: ഉത്ര കൊലപാതകക്കേസില്‍ ഡമ്മി പരീക്ഷണം നടത്തി ക്രൈംബ്രാഞ്ച് സംഘം. കൊലപാതകത്തെ സംബന്ധിച്ച ചെറിയ തെളിവുകള്‍ പോലും നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ ഡമ്മി പരീക്ഷണം നടത്തിയത്.
കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചായിരുന്നു പരീക്ഷണം. ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഇത് ശാസ്ത്രീയ തെളിവായി കോടതിയില്‍ ഹാജരാക്കും. വീഡിയോ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
പാമ്പിന്റെ ഡിഎന്‍എ പരിശോധനയുടേയും മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയുടേയും ഫലം ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരന് സുരേഷിന്റെ മൊഴി കോടതി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ അന്തിമ കുറ്റപത്രം തയ്യാറാക്കും. അന്തിമ കുറ്റപത്രം ഓഗസ്റ്റ് പത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.






