
ഒരായിരം പ്രശ്നങ്ങള്‍ക്കിടയില്‍ തെല്ലൊന്ന് ആശ്വസിക്കാന്‍, നെഞ്ചോട് ചേര്ത്തുനിര്ത്തുന്നതുപോലൊരു തോന്നലുണ്ടാക്കാന്‍ ചിലരുടെ വാക്കുകള്‍ക്ക് കഴിയും. അത്തരത്തില്‍ ആയിരക്കണക്കിന് ആളുകളുടെ ആശ്വാസവും അഭയവുമാണ് ഫിറോസ് എന്ന ഈ 37 കാരന്.
കേരളത്തിലെ നമ്പര്‍ വണ്‍ റേഡിയോ ജോക്കി, സാമൂഹിക പ്രവര്ത്തകന്, മോട്ടിവേഷണല്‍ സ്പീക്കര്‍, നടന്, എഴുത്തുകാരന്, ലിംകബുക്ക് റക്കോഡ് ജേതാവ് അങ്ങനെ ഫിറോസ് എ അസീസിന് വിശേഷണങ്ങള്‍ ഏറെയാണ്. 92.7 ബിഗ് എഫ്.എം തിരുവനന്തപുരം പ്രോഗ്രാമിങ് ഹെഡുകൂടിയാണ് ഇദ്ദേഹം.
ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജില്‍ തനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്നത് സ്ത്രീകളാണെന്ന് ഫിറോസ് പറയുന്നു. അവരെല്ലാം മകനെപ്പോലെ ,സഹോദരനെപ്പോലെ തന്നെയാണ് ഫിറോസിനെ കാണുന്നതും, അവരുടെ ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കുന്നതും. ഒരു ശരാശരി മനുഷ്യന്റെ എല്ലാവിഷമങ്ങള്ക്കും താങ്ങായി തണലായി നില്ക്കാന് കഴിയുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കറെന്ന നിലയില്‍ ഈ മനുഷ്യസ്നേഹി വിജയിച്ചുകഴിഞ്ഞു.
മനുഷ്യനെ ശാരീരികമായും മാനസികമായും തളര്‍ത്തുന്ന ഒരു മഹാമാരിയുടെ ഒപ്പം ജീവിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ നമുക്കല്പ്പം പോസിറ്റീവായി ചിന്തിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്തൊക്കെയാണ് കൊറോണ കാലത്തെ പ്രവര്‍ത്തനങ്ങള്‍?
ഏറ്റവും വിഷമം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ശാരീരികമായി മാത്രമല്ല അസുഖങ്ങള്‍ മാനസികമായിട്ടും നമ്മളെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
കൊറോണയെ ഭയപ്പെട്ട് ജീവിക്കുന്ന ഈ സമയത്തെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കുകയാണ്. അതുപോലെ ടി. വി ചാനലിലെ ചര്‍ച്ചകളൊക്കെ വളരെ കുറച്ചുമാത്രം ഇരുന്ന് കണ്ടാലും മതി. ആവശ്യത്തിനുമാത്രം വീടിന് പുറത്തിറങ്ങുക.
പുറത്തിറങ്ങുകയേ ചെയ്യരുതെന്ന് പറയാനാവില്ല. ജീവിക്കാന്‍ മറ്റ് മാര്ഗ്ഗമില്ലാത്തവരുണ്ട്. പുറത്തിറങ്ങേണ്ടിവരും. വീടിനുപുറത്തുപോകുമ്പോള് ഫേസ് ഷീല്‍ഡും മാസ്കും ഗ്ലൗസും, സാനിറ്റെസറും ഒക്കെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പുറത്തുപോയിവന്നാല്‍ കുളിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.
വീട്ടിലായാലും ജോലിസ്ഥലത്തായാലും കൊറോണയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യേണ്ട. അത് നെഗറ്റീവായ കാര്യങ്ങളെ വിളിച്ചുവരുത്തുകയേയുള്ളൂ. വരും മാസങ്ങളില്‍ രോഗികളുടെ എണ്ണം കൂടും എന്ന് മുന്‍കൂട്ടി സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതുതന്നെ ആളുകളുടെ ഭീതി കുറയ്ക്കാനാണ്. അസുഖം നമുക്ക് വരാതെ സൂക്ഷിക്കുക മാത്രമാണ് പോംവഴി.
ഇക്കാലത്ത് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് താങ്കളുടെ ശ്രോതാക്കളോട് പറയാനുള്ളത്?
ചിറക് എന്നൊരു സംഘടനയ്ക്ക് രൂപംകൊടുത്തിട്ടുണ്ട്. ഒപ്പം നില്ക്കുന്ന, എന്നെ സ്വന്തം സഹോദരനെപ്പോലെ കാണുന്ന കുറച്ചുപേരുമായി ചേര്‍ന്ന് ചിറകിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ഭക്ഷണ വിതരണവുംമറ്റും മുടങ്ങാതെ നടത്തിവരുന്നു. 253 അനാഥാലയങ്ങളിലും നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഭക്ഷണം കിട്ടാതിരിക്കുന്ന ആളുകള്‍ക്കുമൊക്കെ ഭക്ഷണം കൊണ്ടുപോയി കൊടുക്കുക, നിര്‍ധനരായിട്ടുള്ള രോഗികള്‍ക്ക് സഹായം എത്തിക്കുക, അതുപോലെ കോവിഡ് രോഗികളായിട്ടുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്നുകൊടുക്കുക ഇവയെല്ലാം ചിറകിന്റെ ഭാഗമായി ചെയ്യുന്നുണ്ട്.
രോഗം നമുക്ക് വന്നാല്‍....
രോഗം വന്നാല്‍ അതിനെ ധൈര്യത്തോടെ നേരിടുകതന്നെ വേണം. മാനസികമായും സാമൂഹികമായും ഒറ്റപ്പെടുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ക്യാന്‍സര്‍ രോഗിയായ കോവിഡ് ബാധിതനെ ഭാര്യ വേണ്ടെന്നുവച്ചതും, കൈക്കുഞ്ഞുങ്ങളുമായി വന്ന സ്ത്രീയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും, പ്രവാസികള്‍ക്കുമുന്നില്‍ വീട് കൊട്ടിയടക്കുന്നതും ഒക്കെ താങ്ങാനാവുന്നതിനുമപ്പുറമാണ്. കോവിഡ് രോഗിയായിക്കഴിഞ്ഞാല്‍ സമൂഹം നമ്മളോട് കാണിക്കുന്ന ഇരട്ടത്താപ്പുണ്ട്. രോഗി എന്നരീതിയിലായിരിക്കും പിന്നെ നമ്മള് പരിഗണിക്കപ്പെടുക. ഇങ്ങനെയൊക്കെ പറഞ്ഞത് എന്തിനാണെന്നുവച്ചാല്‍ നമുക്ക് കോവിഡ് വന്നുകൂടന്നില്ല. നമ്മളെ സംരക്ഷിക്കാന്‍ നമ്മളേയുള്ളൂ. നമ്മള് കാരണം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുന്നത് ചിന്തിച്ചുനോക്കൂ. നമ്മുടെ അശ്രദ്ധമൂലം ആരും വിഷമിക്കരുത്.
സ്ത്രീകള്‍ക്കുവേണ്ടിയാണ് ഫിറോസിന്റെ പ്രവര്‍ത്തനങ്ങളിലധികവും?
തീര്‍ച്ചയായും. ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അധികവും ഫോളോ ചെയ്യുന്നതും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതും സ്ത്രീകളാണ്. അതൊരിക്കലും ഫാന്‍ ഫോളോവിങ് ആയിട്ട് ഞാന്‍ കണ്ടിട്ടില്ല. പകരം അവര്‍ക്ക്അത്രയും വിശ്വാസത്തോടെ കുടുംബത്തിലെ ഒരാളോട് പെരുമാറുന്ന പോലെ എന്നോടു സംസാരിക്കാം, അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം, വിമര്‍ശിക്കാം. മുന്‍പ് ഫേസ്ബുക്ക് പേജിന് എട്ടോളം അഡ്മിന്‍സ് ഉണ്ടായിരുന്നു . മോട്ടിവേഷനും, ലൈഫ് കോച്ചിംഗും ഒക്കെ് തുടങ്ങിയതുമുതല്‍ ഞാന്‍ തന്നെയാണ് എന്റെ പേജ് കൈകാര്യം ചെയ്യുന്നത്. കാരണം അത്രമേല്‍ വിശ്വാസത്തോടുകൂടിയാണ് സ്ത്രീകള്‍ നമ്മോട് സംസാരിക്കുന്നത്.
റേഡിയോ പ്രവര്‍ത്തകനാകുന്നത്?
കുറച്ചുകാലം വിഷ്വല്‍ മീഡിയയില്‍ അണിയറ പ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നു. രമേഷ് പിഷാരടിയെ വച്ച് ചെയ്ത ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയില്‍ ഹരി പി. നായരുടെ അസ്സ്റ്റന്റ് ആയി ജോലിചെയ്തിരുന്നു. അന്നുമുതല്‍ പിഷാരടി നല്ലൊരു സുഹൃത്താണ്. ആ സമയത്ത് റിലയന്‍സിന്റെ റേഡിയോക്കാര്‍ പിഷാരടിയെ റേഡിയോയിലേക്ക് ക്ഷണിക്കാന്‍ വന്നു. എന്നെക്കാള്‍ നിങ്ങള്‍ക്ക് യോജിക്കുന്ന ഒരാള്‍ ഇവിടെയുണ്ട് എന്നുപറഞ്ഞ് പിഷാരടി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. അങ്ങനെയാണ് റേഡിയോയിലേക്കുളള അരങ്ങേറ്റം. ചെറുപ്പകാലംമുതലേ വായന ലഹരിയായതുകൊണ്ട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് ഇതുവരെ ക്ഷാമം വന്നിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ തനി ലോക്കല്‍ വെഞ്ഞാറമൂട് നാട്ടിന്പുറത്തുകാരന് കൂടിയാണ്. അവതാരകനായിക്കഴിഞ്ഞപ്പോള് സംസാരിക്കുമ്പോഴെല്ലാം കിടിലന്‍ എന്ന വാക്കുപയോഗിക്കുമായിരുന്നു, അങ്ങനെയാണ് കിടിലന്‍ ഫിറോസെന്ന പേര് വന്നത്.
സിനിമയിലേക്കെത്തുന്നത്?
സുരാജ് വെഞ്ഞാറമൂടിന്റെ അയല്വക്കംകാരനാണ്. സുരാജേട്ടനാണ് എന്നെ ഈ രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. സുരാജേട്ടന്റെ അനുജന് അരുണും ഞാനുമായിരുന്നു ഒരേപ്രായം. ചേട്ടന് ഞങ്ങളേയും മിമിക്രിയൊക്കെ പഠിപ്പിച്ചിരുന്നു. വായനയോട് ഭ്രമമായിരുന്ന ഞാന്‍ എഴുത്തുകാരനായിത്തീരുമെന്നാണ് കരുതിയിരുന്നത്. പക്ഷേ എനിക്ക് തെളിയാന്‍ കഴിയുന്നത് മീഡിയ ആണെന്ന് കാട്ടിത്തന്നത് സുരാജേട്ടനാണ്. അതുപോലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കലാലയ ജീവിതവും ജീവിതത്തില്‍ ഒരുപാട് വഴിത്തിരിവുകളുണ്ടാക്കി . ബാപ്പയാണ് എന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം താങ്ങുംതണലുമായി ഒപ്പമുണ്ടായിരുന്നത്..
അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതൊന്നും തേടിപ്പോയിട്ടില്ല. അപ്രതീക്ഷിതമായാണ് സിനിമ തേടിവന്നത്. മാര്‍ച്ച് രണ്ടാം വ്യാഴം എന്ന ചിത്രത്തില്‍ നായകനും വില്ലനുമായി അഭിനയിച്ചു, പരോള്‍, സഫര്‍, സച്ചിന് തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞു.അതൊക്കെ ഒരു ഭാഗ്യമായി കരുതുന്നു.
ഇത്രയും ആളുകള്‍ക്ക് ആശ്വാസം പകര്‍ന്നുകൊടുക്കുന്ന താങ്കള്‍ക്ക് ഒരു വിഷമം വന്നാല്‍ ആരോടാണ് പറയുക?
ഞാന്‍ അങ്ങനെ ഡൗണ്‍ ആകാറില്ല. എന്റെപ്രായത്തിലൊരാള് കടന്നുപോകേണ്ട നല്ല അനുഭവങ്ങളിലൂടെയല്ല കഴിഞ്ഞുപോയ കാലങ്ങളില്‍ ഞാന്‍ കടന്നുപോയിട്ടുള്ളത്. സ്വയം തളരുന്നു എന്നുതോന്നുന്നത് നമ്മള് ഒരിടത്തേക്ക് ആശ്രയിക്കുമ്പോഴാണ്. എനിക്ക് എത്ര സങ്കടമുണ്ടെങ്കിലും ഒരു പുസ്തകം വായിച്ചാല്‍ അത് തീരും. മറ്റുള്ളവര്‍ക്ക് ഒരു കൈ സഹായം ചെയ്യുന്നത്, ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് ഒക്കെയാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമെന്ന് കരുതുകയും ചെയ്യുന്നു. ഞങ്ങള്‍ വിവാഹം കഴിപ്പിച്ചയച്ച കുട്ടികള്‍, പഠിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ അവരുടെ സന്തോഷം, ആര്‍ക്കെങ്കിലുമൊക്കെ ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നത് ഇതൊക്കെയാണ് എന്റെയും ഭാര്യവീണയുടേയും ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുടേയും സന്തോഷം. എന്റെ ശമ്പളത്തില്‍നിന്ന് എനിക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കുമുള്ളത് മാറ്റിവച്ചാല്‍ ബാക്കിയെല്ലാം മറ്റുളളവര്‍ക്കാണ്. ഭാര്യ വീണയും മക്കളായ ദയയും ദിയയും എല്ലാ വിധ സപ്പോര്‍ട്ടുമായി ഒപ്പമുണ്ട്.