
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഭീതിയിലാണ്. ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല. കോവിഡ് മഹാമാരിക്ക് വാക്സിന് കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് ലോകം മുഴുവനും. ഇപ്പോള്‍ റഷ്യന്‍ ഗവേഷകരുടെ ഒരു കണ്ടെത്തലാണ് ശ്രദ്ധേയമാകുന്നത്. തിളച്ച വെള്ളത്തിന് സാര്‍സ് കോവ് 2 വൈറസിനെ പൂര്‍ണമായി നശിപ്പിക്കാനാകുമെന്നാണ് റഷ്യന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഒഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ക്ലോറിനേറ്റ് ചെയ്യാത്ത ജലത്തിലും കടല്‍വെള്ളത്തിലും വൈറസിന് വര്ദ്ധനവുണ്ടാകുന്നില്ലെന്നും വെള്ളത്തിന്റെ താപനിലയ്ക്കനുസരിച്ച് വൈറസിന്റെ ആയുസിന് വ്യത്യാസം ഉണ്ടാകുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലോറിനേറ്റ് ചെയ്ത ജലവും കൊറോണ വൈറസിനെ നശിപ്പിക്കുന്നു.
ക്ലോറിന്‍ അടങ്ങിയ അണുനാശിനികള്‍ക്ക് 30 സെക്കന്‍ഡ് കൊണ്ട് വൈറസിനെ നശിപ്പിക്കാനാകും. 30 ശതമാനം ഗാഢതയുള്ള ഈഥൈല്‍ ഐസോ പ്രൊപ്പയില്‍ ആല്‍ക്കഹോള്‍ അര മിനിറ്റില്‍ 10 ലക്ഷം വൈറസിനെ നശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷത്തിലെ സാധാരണ താപനിലയിലുള്ള ജലത്തില്‍ കൊറോണ വൈറസ് നിര്‍വീര്യമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ 90 ശതമാനവും, 72 മണിക്കൂറിനുള്ളില്‍ 99.9 ശതമാനവും നശിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. തിളയ്ക്കുന്ന വെള്ളത്തില്‍ കൊറോണ വൈറസ് തത്സമയം പൂര്‍ണമായി നശിക്കുന്നതായും കണ്ടെത്തി.






