
സൂപ്പര്‍മാര്‍ക്കറ്റുകളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ അവരുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാൻ സാധിക്കും. എല്ലാം കഴിഞ്ഞ് ബിൽ അടയ്ക്കാൻ പോകുമ്പോൾ കാണുന്ന നീണ്ട വരിയാണ് ഉപഭോക്താക്കളെ ഏറ്റവും മടുപ്പിക്കുന്നത്. എന്നാൽ, ഇതിന് പരിഹാരമായി ഉപഭോക്താക്കളെ സഹായിക്കുന്ന സൗകര്യമൊരുക്കുകയാണ് ആമസോണ്‍. ആവശ്യത്തിന് സാധനങ്ങളെടുത്ത് ഇനി വരി നില്‍ക്കാതെ നേരെ പുറത്തേക്ക് പോകാന്‍ കഴിയും.
ആമസോണിന്റെ ഈ പരീക്ഷണം തങ്ങളുടെ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് നടക്കുന്നത്. പ്രത്യേകതരം ഡാഷ് കാര്‍ട്ടുകളും ക്യാമറളും സെന്‍സറുകളും ചേര്‍ന്നാണ് പുതിയ സംവിധാനം. ഉപഭോക്താക്കളെടുക്കുന്ന സാധനങ്ങളുടെ എണ്ണവും വിലയും കണക്കുകൂട്ടുന്നത് പ്രത്യേകം തയാര്‍ ചെയ്ത ഷോപ്പിങ് കാര്‍ട്ടുകളാണ്. ഷോപ്പിങ് കഴിഞ്ഞ് പിന്നീട് ഓണ്‍ലൈനായി പണം ഈടാക്കുകയും ചെയ്യും. ആമസോണ്‍ അക്കൗണ്ടും സ്മാര്‍ട് ഫോണും ഉണ്ടെങ്കിൽ ഈ സൗകര്യം ഉപയോഗിക്കാം. ഇത്തരം കാഷിയറില്ലാത്ത സൂപ്പര്‍മാര്‍ക്കറ്റ് അമേരിക്കയിലെ സിയാറ്റിലില്‍ ആമസോണ്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഇതേ സാങ്കേതിവിദ്യ ഏതാണ്ട് 25ഓളം ആമസോണ്‍ സ്റ്റോറുകളില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഓരോ ഷോപ്പിങ് കാര്‍ട്ടുകളിലും ഒരു ക്യുആര്‍ കോഡുണ്ടാകും. ആമസോണ്‍ ആപ്ലിക്കേഷന്‍ വഴി ഇത് സ്കാന്‍ ചെയ്യുക. പിന്നീട് സാധനങ്ങള്‍ എടുത്ത് കാര്‍ട്ടിലിടാം. ഷോപ്പിങ് കഴിയുമ്പോൾ സാധനങ്ങളുമായി പുറത്തേക്ക് പോവുകയും ചെയ്യാം. ആമസോണ്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടാകും.






