
എൺപതുകളിൽ ഞാനിങ്ങനെ ചുറുചുറുക്കോടെ നടക്കുമോ? അങ്ങനെ പറ്റിയാൽ മതിയായിരുന്നു... ഇത് പറയുന്നത് വേറാരുമല്ല ഫിറ്റ്നസ്സ് ആരാധകരുടെ പ്രിയ താരം മിലിന്ദ് സോമന്റെ ഭാര്യ അങ്കിതയാണ്. മറ്റാരെയും പറ്റിയല്ല ഇപ്പോൾ ഫിറ്റ്നെസ്സ് വീഡിയോകളിൽ ഇടം നേടിയ തന്റെ അമ്മായിഅമ്മയെ പറ്റി തന്നെ.
ടെറസിൽ തനിക്കൊപ്പം സിംഗിൾ ലെഗ് ഹോപ്പ്സ് ചെയ്യുന്ന മിലിന്ദിന്റെ അമ്മ ഉഷയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അങ്കിത ഫിറ്റ്നെസ്സിനെ പറ്റി പറയുന്നത്. അമ്മയെപ്പോലെ ആ പ്രായത്തിലെത്തുമ്പോൾ ഞാനും ഫിറ്റായിരിക്കണേ എന്നാണ് അങ്കിതയുടെ പ്രാർത്ഥന. ഏത് വ്യായാമമായാലും സാരിയാണ് അമ്മയുടെ പ്രധാനവേഷം എന്നതും ശ്രദ്ധേയമാണ്. മുമ്പ് മിലിന്ദിനൊപ്പം പുഷ് അപ് ചെയ്യുന്ന ഉഷയുടെ വീഡിയോ വൈറലായിരുന്നു.
അമ്മയുടെ 81-ാം പിറന്നാൾ കഴിഞ്ഞതേയുള്ളൂ. ഫിറ്റ്നെസിന്റെ കാര്യത്തിൽ പ്രായമൊന്നും ഒരു പ്രശ്നമല്ലെന്നാണ് ഉഷയുടെ നയം. കാൽ മസിലുകൾ, അരക്കെട്ട് എന്നിവയുടെ ആരോഗ്യത്തിന് മികച്ച വ്യായാമമാണ് സിംഗിൾ ലെഗ് ഹോപ്സ്.






