
ഇറ്റാലിയൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെറാറി തങ്ങളുടെ മിഡ്-എൻജിൻ സ്പോർട്സ് കാർ ആയ F8 ട്രിബ്യൂട്ടോ ഇന്ത്യയിൽ അവതരിപ്പിച്ചു. 4.02 കോടിയാണ് F8 ട്രിബ്യൂട്ടോയുടെ എക്സ്-ഷോറൂം വില. ഫെറാരിയുടെ ഇന്ത്യയിലെ ഔദ്യോഗിക ഇംപോർട്ടർ ആയ സെലക്ട് കാർസ് ആണ് ഫെറാറി F8 ട്രിബ്യൂട്ടോ ഇന്ത്യയിൽ പുറത്തിറക്കിയത്. ബുക്കിങ് ആരംഭിച്ച F8 ട്രിബ്യൂട്ടോയുടെ ഡെലിവറി അടുത്ത വർഷം തുടക്കത്തിലേ ആരംഭിക്കൂ.
ഫെറാറി നിരയിൽ 488 GTB സ്പോർട്സകാറിന്റെ പിൻഗാമി ആണ് F8 ട്രിബ്യൂട്ടോ ട്രാക്ക്-സ്പെക് മോഡൽ. ഫെറാറി 488 പിസ്താ മോഡലിനേക്കാൾ പവർഫുൾ എഞ്ചിനുമായാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 2019 ജനീവ മോട്ടോർ ഷോയിലാണ് F8 ട്രിബ്യൂട്ടോ ആദ്യം എത്തുന്നത്. മുൻകാല മോഡൽ ആയ 308 GTB അനുസ്മരിപ്പിക്കും വിധമാണ് എയ്റോഡൈനാമിക് ആയ F8 ട്രിബ്യൂട്ടോയുടെ ഡിസൈൻ. പുതിയ തലമുറ സ്റ്റിയറിംഗ് വീലും, വീൽ മൗണ്ടഡ് കണ്ട്രോൾ, പുത്തൻ സ്പോർട്സ് സീറ്റുകൾ എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകൾ. ഫോർമുല വൺ കാറുകൾക്ക് സമാനമായ എസ് ഡക്ട്, വലിപ്പം കൂടിയ സ്പോയ്ലർ എന്നിവ F8 ട്രിബ്യൂട്ടോയിൽ ഒരുങ്ങുന്നു. F8 ട്രിബ്യൂട്ടോയുടെ ഡാഷ്, ഡോർ പാനലുകളെല്ലാം റീഡിസൈൻ ചെയ്താണ് ചേർത്തിരിക്കുന്നത്.
7,000 ആർപിഎമ്മിൽ 710.7 എച്ച്പി പവറും 3,250 ആർപിഎമ്മിൽ 770 എൻഎം ടോർക്കും നിർമ്മിക്കുന്ന 3,902 സിസി ട്വിൻ-ടർബോ വി 8 എഞ്ചിനാണ് ഫെറാറി F8 ട്രിബ്യൂട്ടോയുടെ ഹൃദയം. . മണിക്കൂറിൽ 100 കിലോമീറ്റർ വേഗത താണ്ടാൻ വെറും 2.9 സെക്കൻഡ് മതി F8 ട്രിബ്യൂട്ടോയ്ക്ക് (488 GTB-യെക്കാൾ 0.1 സെക്കന്റ് സമയം കുറവ് ). ട്രിബ്യൂട്ടോയ്ക്ക് മണിക്കൂറിൽ 340 കിലോമീറ്റർ ആണ് പരമാവധി വേഗത. ഫെറാറി F8 ട്രിബ്യൂട്ടോയുടെ എതിരാളികളിൽ പ്രധാനിവിപണിയിൽ 3.73 കോടി രൂപ വിലയുള്ള ലംബോർഗിനി ഹുറാകാൻ ഇവോയാണ്.






