
ടിവിഎസ് എൻടോർഖ് ഇന്ത്യയിലെ 125 സിസി സ്കൂട്ടർ ശ്രേണിയിലെ തന്നെ ജനപ്രിയ മോഡലാണ്. 2014 ഓട്ടോ എക്സ്പോയില്‍ ടിവിഎസ് പരിചയപ്പെടുത്തിയ ഗ്രാഫൈറ്റ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് എൻടോർഖ് ഒരുങ്ങിയിരിക്കുന്നത്. എൻടോർഖിന് പുതിയ യെല്ലോ റേസ് എഡിഷൻ മോഡൽ കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഹൊസൂർ ആസ്ഥാനമായുള്ള ടിവിഎസ് മോട്ടോർ കമ്പനി എന്നാണ് റിപ്പോർട്ട്.
റെഡ് റേസ് എഡിഷൻ വിപണിയിൽ അവതരിപ്പിച്ച് വൻ വിജയം നേടിയ സാഹചര്യത്തിലാണ് പുതിയ കളർ ഓപ്ഷൻ കൂടി സ്കൂട്ടറിൽ നൽകാൻ ടിവിഎസ് പദ്ധതിയിടുന്നത് എന്നാണ് സൂചന. യെല്ലോ, ബ്ലാക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനായിരിക്കും പുതിയ യെല്ലോ റേസ് എഡിഷനിൽ അണിനിരക്കുക. സ്കൂട്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ ഡീലർഷിപ്പുകളിൽ എത്തി വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
125 സിസി സ്കൂട്ടറിൽ മറ്റ് മെക്കാനിക്കൽ മാറ്റങ്ങൾ ഒന്നും തന്നെയുണ്ടാകില്ല. 7,000 rpm-ല്‍ 9.25 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 124.8 സിസി എഞ്ചിനാണ് കരുത്തേകുന്നത്. ഡ്രം, ഡിസ്ക്, റേസ് എഡിഷന് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് മോഡലിന് ഉള്ളത്. അപ്രിലിയ SR 125, സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് 125, ഹോണ്ട ആക്ടിവ 125, ഹീറോ ഡെസ്റ്റിന് 125 തുടങ്ങിയ മോഡലുകളാണ് ടിവിഎസ് എന്‍ടോര്‍ഖിന്റെ എതിരാളികള്‍.






