
എംജി മോട്ടോര്‍സ് ZS എന്നൊരു ഇലക്ട്രിക് പതിപ്പിനെ വിപണിയില്‍ എത്തിച്ചിരുന്നു. വാഹനത്തിന്റെ എക്സ്ഷോറൂം വില 20.88 ലക്ഷം രൂപയാണ്. ZS ഇലക്ട്രിക്കിന്റെ പെട്രോള്‍ പതിപ്പിനെയും നിര്‍മ്മാതാക്കള്‍ വിദേശ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. പെട്രോള്‍ വകഭേദം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി മുമ്പ് വ്യക്തമാക്കിയിരുന്നു.
2020 ഓട്ടോ എക്സ്പോയില്‍ ഈ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ പരീക്ഷണയോട്ടം നടത്തുന്ന ZS പെട്രോള്‍ വകഭേദത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് മോട്ടോര്‍ബീം ആണ്. വാഹനം അധികം വൈകാതെ തന്നെ നിരത്തുകളില്‍ എത്തും എന്ന സൂചനയാണിത് നല്‍കുന്നത്.
1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍. 111 bhp പവറും 160 Nm ടോർക്കും ആണ് ഇത് പരമാവധി ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാക്കും. പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വാഹനത്തിന് 12.4 സെക്കന്‍ഡിനുള്ളില്‍ സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നു. കൂടാതെ പരമാവധി 180 കിലോമീറ്റര്‍ വേഗത പുറത്തെടുക്കാനും വാഹനത്തിന് സാധിക്കും. മാരുതി എസ്-ക്രോസ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്സ്, റെനോ ഡസ്റ്റര്‍ എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍.






