
ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ ആയ ജാസ്സിന്റെയും 2020 പതിപ്പ് വില്പനക്കെത്താൻ പോകുന്നതായി റിപ്പോർട്ട്. 2020 ജാസിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു. ഡീലർഷിപ്പുകളിൽ നേരിട്ട് ചെല്ലുമ്പോൾ 21,000 രൂപയും ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ 5000 രൂപയുമാണ് ടോക്കൺ തുക എന്നാണ് സൂചന. ഈ മാസം തന്നെ വാഹനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.2-ലിറ്റർ i-VTEC പെട്രോൾ എൻജിനിൽ മാത്രമേ ഇനി ജാസ് ലഭ്യമാവൂ. 89 ബിഎച്ച്പി പവറും 110 എൻഎം ടോർക്കും ഈ പെട്രോൾ എഞ്ചിൻ സൃഷ്ടിക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ട്രാൻസ്മിഷൻ ഓപ്ഷനുമുണ്ട്. ഇലക്ട്രിക്ക് സൺറൂഫ് ആണ് പുത്തൻ ജാസിന്റെ ആകർഷണം. പുഷ് ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ടച്ച് സ്ക്രീൻ, ക്രൂയിസ് കണ്ട്രോൾ, 15-ഇഞ്ച് അലോയ് വീലുകൾ, റിയർ വാഷറും വൈപ്പറും എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. സിവിടി ട്രാൻസ്മിഷൻ മോഡലുകൾക്ക് പാഡിൽ ഷിഫ്റ്ററുണ്ടാകും എന്നും ഹോണ്ട കാർസ് ഇന്ത്യ ഉറപ്പിക്കുന്നു.
പെട്രോൾ വേരിയന്റ് ആണ് ബിഎസ്4 ജാസിന്റെ ഉപഭോക്താക്കളിൽ 80 ശതമാനവും തിരഞ്ഞെടുത്തത്. 2020 ജാസിനെ ഡീസൽ എൻജിൻ ഇല്ലാതെ ലോഞ്ച് ചെയ്യാൻ ഹോണ്ട കാർസ് ഇന്ത്യയെ പ്രേരിപ്പിക്കുന്നത് ഇതാണ് എന്ന് കമ്പനിയുടെ മാർക്കറ്റിംഗ് ആൻഡ് സെയ്ൽസ് സീനിയർ വൈസ് പ്രസിഡന്റ് രാജേഷ് ഗോയൽ പറയുന്നു. പുത്തൻ ഡിസൈനിലുള്ള എൽഇഡി ഫോഗ് ലാമ്പുകൾ ഉൾപെടുത്താൻ ബമ്പർ ചെറിയ തോതിൽ റീഡിസൈൻ ചെയ്തിട്ടുണ്ട്. പുറകിലെ ബമ്പറും റീഡിസൈൻ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.






