
ഹരിയാനയിലെ ഫരീദാബാദിൽ രണ്ട് പുതിയ ഉത്പാദന കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുകയാണ് പ്രമുഖ ഹെൽമെറ്റ് നിർമാണ കമ്പനിയായ സ്റ്റഡ്സ് ആക്സസറീസ്. ഇതിനായി കമ്പനി 160 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തിയതായി സ്റ്റഡ്സ് ആക്സസറീസ് പ്രസ്താവനയിൽ വ്യക്തമാക്കി. മൊത്തം 200 കോടി രൂപ മുതൽമുടക്കിൽ 5.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നയിടത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമാണ കേന്ദ്രം ആയിരിക്കും ഇതെന്നാണ് സൂചന.
ഹെൽമെറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ സവിശേഷതയായ എക്സ്പാൻഡഡ് പോളിസ്റ്റൈറൈനിന് (EPS) ഇൻ-ഹൗസ് പ്രൊഡക്ഷൻ ലൈനുള്ള മറ്റൊരു പ്രൊഡക്ഷൻ യൂണിറ്റിലും പ്രവർത്തനം ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. 1.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കമ്പനി രണ്ടാമത്തെ പ്ലാന്റിൽ 40 കോടി രൂപയും നിക്ഷേപിച്ചു.
75 ലക്ഷം യൂണിറ്റ് മോട്ടോർ സൈക്കിൾ ഹെൽമെറ്റും പ്രതിവർഷം 15 ലക്ഷം സൈക്കിൾ ഹെൽമറ്റുകളും ആയിരിക്കും പുതിയ പ്ലാന്റുകളിലെ ഉൽപാദന ശേഷി. തങ്ങളുടെ പുതിയ പ്ലാന്റുകൾ പ്രാദേശിക പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും സഹായകമാകുമെന്ന് സ്റ്റഡ്സ് ആക്സസറീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ഭൂഷൺ ഖുറാന പറഞ്ഞു






