
ഈ വർഷം ജനുവരിയിൽ ആണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട ആക്ടിവ 6ജി വിപണിയിലെത്തിച്ചത്. സ്റ്റാൻഡേർഡ് മോഡലിന് 63,912-രൂപ ഡീലക്സ് മോഡലിന് 65,412 രൂപ എക്സ്-ഷോറൂം വിലയിലുമാണ് ആക്ടിവ 6ജി എത്തിയത്. മോഡലിന് ഏപ്രിലിൽ 552 രൂപ ഹോണ്ട വർദ്ധിപ്പിച്ചിരുന്നു. ഇപ്പോളിതാ നാല് മാസങ്ങൾക്ക് ശേഷം ആക്ടിവ 6ജിയുടെ വില ഹോണ്ട വീണ്ടും വർദ്ധിപ്പിച്ചെന്നാണ് റിപ്പോർട്ട്.
955 രൂപയാണ് ഇത്തവണ ഹോണ്ട വർദ്ധിപ്പിച്ചത്. സ്റ്റാൻഡേർഡ് മോഡലിന് ഇപ്പോൾ 65,419 രൂപയും ഡീലക്സ് മോഡലിന് 66,919 രൂപയും ആണ് എക്സ്-ഷോറൂം വില. 2020 ആക്ടിവ 6ജിയിലും 109.19 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ തന്നെയാണ് ഉള്ളത്. പക്ഷെ ഈ എൻജിൻ കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്തു ബിഎസ്6 നിയമങ്ങൾക്കനുസരിച്ചു പരിഷ്കരിച്ചു. പുത്തൻ എഞ്ചിൻ 8,000 ആർപിഎമ്മിൽ 7.68 ബിഎച്ച്പി പവറും 5,250 ആർപിഎമ്മിൽ 8.79 എൻഎം പീക്ക് ടോർക്കുമാണ് നിർമ്മിക്കുന്നത്. ആക്ടിവ 5ജിയെക്കാൾ 10 ശതമാനം ഇന്ധനക്ഷമത കൂടുതലാണ് പുതിയ ആക്ടിവ 6ജിയ്ക്ക് എന്നാണ് സൂചന.
ഡാസിൽ യെല്ലോ മെറ്റാലിക്, പേൾ സ്പാർട്ടൻ റെഡ്, ബ്ലാക്ക്, പേൾ പ്രെഷ്യസ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ അഞ്ചു നിറങ്ങളോടൊപ്പം ഗ്ലിറ്റർ ബ്ലൂ മെറ്റാലിക് എന്നൊരു പുതിയ നിറത്തിലും 2020 ആക്ടിവ 6ജി ലഭ്യമാണ്. എൽഇഡി ഹെഡ്ലാമ്പും (ഡീലക്സ്) പുതുക്കിയ ടെയിൽ ലാമ്പും ആക്ടിവ 6ജിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച്, മൾട്ടി-ഫങ്ക്ഷൻ ഇഗ്നിഷൻ കീ, ACG സൈലന്റ് സ്റ്റാർട്ടർ മോട്ടോർ, സീറ്റ് പോകാതെ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന എക്സ്റ്റേർണൽ ഫ്യുവൽ ഫില്ലർ ക്യാപ്, കൂടിയ 18 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവ പുതിയ ആക്ടിവ 6ജിയിൽ ഹോണ്ട ഒരുക്കിയിട്ടുണ്ട്.






