
സിഡ്നി: ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റില്‍ വീണ്ടുമൊരു സ്വവര്‍ഗ വിവാഹം കൂടി നടന്നു. ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിന്‍സ് (31), ലോറ ഹാരിസ് (29) എന്നിവരാണ് വിവാഹിതരായത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ വാര്‍ത്ത പങ്കുവച്ചത്.
2018 - 19 സീസണില്‍ വനിതാ ബിഗ് ബാഷ് ലീഗ് വിജയത്തിനു ശേഷം ലോറ ഹാരിസാണ് കിമ്മിന്‍സിനോട് തന്റെ പ്രണയം തുറന്നുപറഞ്ഞത്. വനിതാ ബിഗ് ബാഷ് ലീഗില്‍ തുടര്‍ച്ചയായി മൂന്നു സീസണില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റ്സിന്റെ താരമായിരുന്നു ലോറ ഹാരിസ്. ഓസ്ട്രേലിയയുടെ ദേശീയ വനിതാ ടീമില്‍ അംഗമായിരുന്നു ഡെലീസ കിമ്മിന്‍സ്. 16 ഏകദിനങ്ങളില്‍ ഓസീസ് ജഴ്സിയണിഞ്ഞു.
സ്വവര്‍ഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റര്‍ത്വൈറ്റ് - ലീ തഹൂഹു ദമ്പതികള്‍ക്ക് ഈ വര്‍ഷം ആദ്യം കുഞ്ഞുജനിച്ചത് വാര്‍ത്തയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഇവരുള്‍പ്പെടെ സ്വവര്‍ഗ വിവാഹിതരായ മൂന്ന് ദമ്പതികളുണ്ട്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നായിക ഡെയ്ന്‍ വാന്‍ നീകര്‍ക്കും സഹതാരം മാരിസാന്‍ കാപ്പുമാണ് ഇവര്‍ക്കു പിന്നാലെ വിവാഹിതരായത്. അതിനുശേഷം ന്യൂസീലന്‍ഡിന്റെ ഹീലി ജെന്‍സണും ഓസ്ട്രേലിയയുടെ നിക്കോളാ ഹാന്‍കോക്കും സ്വവര്‍ഗ വിവാഹത്തിലൂടെ ജീവിതത്തില്‍ ഒന്നിച്ചു.






