
ഹോണ്ട ഈ വർഷം ഫെബ്രുവരിയിലാണ് 2020 ബിഎസ് 6 ഹോണ്ട യൂണികോൺ അവതരിപ്പിച്ചത്. ഇപ്പോളിതാ ആറ് മാസങ്ങൾക്ക് ശേഷം യൂണികോൺ ബിഎസ്6ന്റെ വില ഹോണ്ട കൂട്ടിയെന്ന് സൂചന. 962 രൂപയാണ് ഹോണ്ട വർധിപ്പിച്ചത്. 98,190 എക്സ്-ഷോറൂം വിലയുണ്ടായിരുന്ന യൂണികോൺ ബിഎസ്6-ന് ഇനി 99,152 രൂപ ആയിരിക്കും വില.
ബിഎസ്6 ഹോണ്ട യൂണികോണിന് ബിഎസ്4 ഹോണ്ട യൂണികോൺ മോഡലിനേക്കാൾ 13,914 രൂപ കൂടുതലാണ്. എൻജിൻ ആണ് വില കൂടാൻ കാരണം. ബിഎസ്4-ലെ യൂണികോണിലെ 150 സിസി എൻജിൻ പരിഷകരിക്കുന്നതിന് പകരം ഡിസ്പ്ലേസ്മെന്റ് കൂടിയ 160 സിസി എൻജിനാണ് ബിഎസ്6 പരിഷ്ക്കാരങ്ങൾക്ക് വിധേയമായി 2020 യൂണികോണിൽ ഒരുങ്ങുന്നത്.
7500 അർപിഎമ്മിൽ 12.73 ബിഎച്പി പവർ ആണ് ഹോണ്ട ഇക്കോ ടെക്നോളജി, ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേർന്ന പുതിയ 162.7 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ നിർമ്മിക്കുന്നത്. 150 സിസി എഞ്ചിന്റെയും പവർ ഔട്ട്പുട്ട് 12.73 ബിഎച്പി തന്നെയായിരുന്നു. 12.8 എൻഎമ്മിൽ നിന്ന് ടോർക്ക് 14 എൻഎം ആയി വർദ്ധിച്ചിട്ടുണ്ട്. പുതിയ എൻജിൻ കൂടുതൽ ലോ ഏൻഡ് ടോർക്കും മികച്ച ഇന്ധനക്ഷമതയ്ക്കുമായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുണ്ടെന്നാണ് സൂചന. പുത്തൻ യൂണികോണിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 8 എംഎം ഹോണ്ട വർദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സീറ്റിന്റെ നീളം 24 എംഎം വർദ്ധിപ്പിച്ചു. 2020 ഹോണ്ട യൂണികോണിൽ ചേർത്തിരിക്കുന്ന മറ്റൊരു പ്രധാന ഫീച്ചർ എൻജിൻ കിൽ സ്വിച്ചാണ്.






