
മൊത്തം വിൽപന നാലു ലക്ഷം യൂണിറ്റ് പിന്നിട്ട് മുന്നേറുകയാണ് കോംപാക്ട് സെഡാനായ അമേയ്സ് എന്ന് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). അമേയ്സ് തന്നെയാണ് ഹോണ്ട ശ്രേണിയിൽ നിലവിൽ ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന മോഡൽ എന്നും കമ്പനി വ്യക്തമാക്കി. അമേയ്സിലൂടെയാണ് ഹോണ്ടയുടെ എർത്ത്ഡ്രീംസ് ശ്രേണിയിലെ ഐ – ഡി ടെക് ഡീസൽ എൻജിൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതും. 2013ൽ അരങ്ങേറ്റം കുറിച്ച അമേയ്സിന്റെ രണ്ടാം തലമുറ മോഡലാണു നിലവിൽ വിൽപനയ്ക്കുള്ളത്.
അമേയ്സിന്റെ ആദ്യ തലമുറ 2018 മാർച്ച് വരെ വിപണിയിൽ തുടർന്നു. കമ്പനിയുടെ കണക്ക് പ്രകാരം ഇക്കാലത്തിനിടെ മൊത്തം 2.60 ലക്ഷം യൂണിറ്റ് വിൽപനയാണ് ഈ മോഡൽ കൈവരിച്ചത്. 2018 മേയിൽ അവതരിച്ച രണ്ടാം തലമുറ അമേയ്സ് ആവട്ടെ ഇതിനോടകം 1.40 ലക്ഷം യൂണിറ്റ് വിൽപനയും നേടിക്കഴിഞ്ഞു. ആദ്യ തലമുറ അമേയ്സ് വിൽപനയിൽ 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സി വി ടി പതിപ്പിന്റെ വിഹിതം. പുതിയ മോഡലിന്റെ വിൽപനയിൽ 20 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകളാണെന്ന് കണക്കുകൾ പറയുന്നു.
രണ്ടാം തലമുറ അമേയ്സ് ബി എസ് 6 നിലവാരമുള്ള പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപനയ്ക്കുണ്ട്. 1.2 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് ഐ ഡി ടെക് പെട്രോൾ എൻജിന് 90 ബി എച്ച് പിയോളം കരുത്തും 110 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 100 ബി എച്ച് പി വരെ കരുത്തും 200 എൻ എം ടോർക്കുമാണ് 1.5 ലീറ്റർ, നാലു സിലിണ്ടർ, ഐ ഡി ടെക് ടർബോ ഡീസൽ എൻജിൻ സൃഷ്ടിക്കുന്നത്. ഇരു എൻജിനുകളും അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതം വിൽപനയ്ക്കുണ്ട്.






