
ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് ട്രംപെന്നാണ് മിഷേല്‍ പറഞ്ഞത്.
തിങ്കളാഴ്ച്ച രാത്രി വിര്‍ച്വലായി നടന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിടെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ടത് മിഷേലിന്റെ നെക്ലസുമാണ്, അതിനൊരു കാരണവുമുണ്ട്.
വോട്ട് ചെയ്യലിന്റെ പ്രാധാന്യത്തെക്കുറിച്ചും മിഷേല്‍ സംസാരിച്ചിരുന്നു. അതിനിടയിലാണ് സംസാരത്തില്‍ മാത്രമല്ല അണിഞ്ഞ ആഭരണത്തില്പോലും മിഷേല്‍ വോട്ട് ചെയ്യലിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവെക്കുന്ന കാര്യം പലരും ശ്രദ്ധിച്ചത്. വോട്ട് എന്നതിന്റെ ഇംഗ്ലീഷ് വാക്കുകള്‍ കോര്‍ത്ത സ്വര്‍ണമാലയാണ് മിഷേല്‍ അണിഞ്ഞിരുന്നത്. അധികം വൈകാതെ തന്നെ സംഗതി ഇന്റര്‍നെറ്റ് ലോകത്ത് വൈറലാവുകയും ചെയ്തു.
പലരും നെക്ലസിന്റെ വിശദാംശങ്ങള്‍ക്കായി സമൂഹമാധ്യമത്തിലുള്‍പ്പെടെ പരതി. ഇനി ചിലരാകട്ടെ ഞൊടിയിടയ്ക്കുള്ളില്‍ സാധനം കണ്ടെത്തുകയും ഓര്‍ഡര്‍ ചെയ്യുകയുമുണ്ടായി. മിഷേലിന്റെ വോട്ട് നെക്ലസിനെക്കുറിച്ച് നിരവധി ട്വീറ്റുകളും സമൂഹമാധ്യമത്തില്‍ ഉയര്‍ന്നു. കഴിഞ്ഞ രാത്രിയിലെ മിഷേലിന്റെ ക്യൂട്ട് നെക്ലസ് കണ്ടുവോ? ആദ്യം അത് LOVE എന്നാണ് കരുതിയത് പിന്നീടാണ് VOTE എന്നാണെന്ന് മനസ്സിലായത്- എന്ന് ഒരാള്‍ കുറിച്ചു. മിഷേലിന്റെ വോട്ട് നെക്ലസിനെക്കുറിച്ചുള്ള ട്വീറ്റുകള്‍ കണ്ടാണ് വന്നതെന്നും അതെവിടെയാണ് കിട്ടുക എന്നറിഞ്ഞാല്‍ പറയണമെന്നും മറ്റൊരാളുടെ ട്വീറ്റ്. ഈ തിരഞ്ഞെടുപ്പു കാലത്ത് ഇതിലും മികച്ച രീതിയില്‍ സന്ദേശം പ്രചരിപ്പിക്കുന്നതെങ്ങനെയെന്നും പറയുന്നവരുണ്ട്.
ലോസ് ആഞ്ജലീസ് ആസ്ഥാനമായുള്ള ബെയ്ചാരിയാണ് മിഷേലിനു വേണ്ടി വോട്ട് നെക്ലസ് പ്രത്യേകം പണികഴിപ്പിച്ചത്. 295 യുഎസ് ഡോളറാണ് നെക്ലസിന്റെ വില. മിഷേലിന്റെ പ്രസംഗം വൈറലായതോടെ നിരവധി പേരാണ് നെക്ലസ് ആവശ്യപ്പെട്ട് വരുന്നതെന്ന് ബെയ്ചാരിയുടെ വക്താക്കള്‍ പറയുന്നു.






