
ടാറ്റ അല്‍ട്രോസില്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് സ്ഥാനം പിടിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. എൻ.ഡി.ടിവി കാർ ആൻഡ് ബൈക്ക് ആണ് ടര്‍ബോ എന്‍ജിനിലുള്ള മോഡല്‍ നിരത്തുകളിലെത്തുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ടര്‍ബോ എന്ജിന് നല്‍കുന്നതോടെ ഫോക്സ്വാഗണ് പോളൊ ജിടി ടിഎസ്ഐ ആയിരിക്കും അല്‍ട്രോസിന്റെ പ്രധാന എതിരാളി.
ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഹാച്ച്ഡോറില്‍ ടര്‍ബോ ബാഡ്ജിങ്ങ് നല്കിയ വാഹനത്തിന്റെ ചിത്രങ്ങളാണ് ഉള്ളത്. അല്‍ട്രോസ് നിരയില്‍ കണ്ടിട്ടില്ലാത്ത ബ്ലൂ നിറത്തിലുള്ള വാഹനമാണ് പരീക്ഷണയോട്ടത്തിനെത്തിയിട്ടുള്ളത്. ടാറ്റ പുതിയ എന്ജിന് അവതരിപ്പിക്കുന്നത് കൂടുതല്‍ പെര്‍ഫോമെന്‍സ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ആകർഷിക്കാനാണ്.
99 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും അല്‍ട്രോസില്‍ നല്‍കുകയെന്നാണ് സൂചന. അതേസമയം, ടാറ്റയുടെ നെക്സോണില്‍ ഇതേ എന്ജിന് 118 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അല്‍ട്രോസില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ടര്‍ബോ എന്‍ജിനൊപ്പം നൽകിയേക്കും. ടര്‍ബോ എന്ജിന് നല്‍കുക അല്‍ട്രോസിന്റെ ഏറ്റവുമുയര്‍ന്ന വേരിയന്റിലും മിഡില്‍ വേരിയന്റിലുമായിരിക്കും. ഡിസൈനും ഫീച്ചറുകളും നിലവിലെ അല്ട്രോസിലുള്ളത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.






