
കൊവിഡ്-19 വ്യാപനം കാരണമാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ ഇന്ത്യയിലെ തങ്ങളുടെ ആദ്യ വാഹനം സി5 എയർക്രോസ് കൊണ്ടുവരാൻ വൈകിയത്. എന്നാൽ, കൊറോണ വൈറസുണ്ടാക്കിയ പ്രതിസന്ധി മൂലം ആദ്യ വാഹനത്തിന്റെ ലോഞ്ച് അടുത്ത വർഷത്തേക്ക് നീട്ടാൻ സിട്രോണെ നിർബന്ധിതരാക്കി.
സിട്രോൺ ബെർലിങ്കോ എംപിവി ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ ഓട്ടോകാർ പുറത്തുവിട്ടു. എസ്യുവി മോഡൽ ആയ സി5 എയർക്രോസിന് ശേഷം സിട്രോണിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിൽ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന പുത്തൻ കോംപാക്ട് എസ്യുവി മോഡൽ ആയിരിക്കും ഇന്ത്യയിൽ എത്തുക എന്നാണ് റിപ്പോർട്ട്. എന്നാൽ സിട്രോൺ മൂന്നാമൻ ഒരു പ്രീമിയം എംപിവി ആകാനാണ് സാധ്യത. ഇത് ശരിവയ്ക്കുന്നതാണ് പരീക്ഷണയോട്ട ചിത്രങ്ങൾ.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആയിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളി. എന്നാൽ, സിട്രോൺ ബെർലിങ്കോ എംപിവിയുടെ വരവ് ഔദ്യോഗിമായി സ്ഥിരീകരിച്ചിട്ടില്ല. സിട്രോൺ ബെർലിങ്കോ ബോക്സി ഡിസൈനുള്ള ഒരു യഥാർത്ഥ എംപിവി മോഡൽ ആണ്. 4.4 മീറ്റർ നീളമുള്ള ബെർലിങ്കോ, 4.75 മീറ്റർ നീളമുള്ള ബെർലിങ്കോ എക്സ്എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ആഗോള വിപണിയിൽ ബെർലിങ്കോയുള്ളത്. ഇതിൽ നീളം കൂടിയ മോഡൽ ആണ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സിട്രോൺ ബെർലിങ്കോ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നത് 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ്. ഇതേ എൻജിൻ ആണ് സി-ക്യൂബ്ഡ് പ്രോഗ്രാമിൽ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന പുത്തൻ കോംപാക്ട് എസ്യുവി മോഡലിലും.






