
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സിനിമ, സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് നടത്താമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമായിരിക്കണം ഷൂട്ടിംഗ്.
ലൊക്കേഷനില്‍ ക്യാമറയ്ക്ക് മുന്നില്‍ നില്ക്കുന്ന അഭിനേതാക്കളൊഴികെ മറ്റെല്ലാവരും മാസ്ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം. മേക്കപ്പ് വിഭാഗത്തിലും ഹെയര്‍ സ്റ്റൈലിംഗ് വിഭാഗത്തിലും ജോലി ചെയ്യുന്നവര്‍ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം. ലൊക്കേഷനിലും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലും ആറടി അകലമെങ്കിലും എല്ലാവരും പാലിച്ചിരിക്കണം. ആവശ്യത്തിന് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും മാത്രമേ ലൊക്കേഷനില്‍ അനുവദിക്കൂ.
ലൊക്കേഷനില്‍ സന്ദര്‍ശകരോ, കാഴ്ചക്കാരോ പാടില്ല. സെറ്റുകള്‍, മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ദിവസവും സാനിറ്റൈസ് ചെയ്യണം. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിരിക്കണം. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം. സെറ്റിലെ ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഉടന്‍ അണുനശീകരണം നടത്തണം. അവരുമായി ബന്ധപ്പെട്ടവരെ ക്വാറന്ൈ്റനില് വിടുകയും ചെയ്യണം.







Comments