
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ നിയമസഭയില്‍ വരുന്ന പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചേക്കില്ല. പ്രതിപക്ഷത്തെയും ജനങ്ങളെയും സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് പ്രതിപക്ഷ നിലപാട്.
അദാനി ബന്ധമുള്ള കമ്പനിയുടെ നിയമോപദേശം ലേല നടപടിയില്‍ തേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരായത്. വിമാനത്താവള വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ സര്‍ക്കാരിനെതിരായ വിമര്‍ശം ഉന്നയിക്കുകയാവും പ്രതിപക്ഷം ചെയ്യുക.
നിയമോപദേശം തേടിയ സ്ഥാപനത്തിന്റെ അദാനി ബന്ധം അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വിശദീകരണം പ്രതിപക്ഷം തള്ളി. മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തിന് ഭേദഗതി നല്‍കുകയും അത് അംഗീകരിച്ചില്ലെങ്കില്‍ വിട്ടു നില്‍ക്കുകയും ചെയ്യുക എന്ന രീതിയാണ് പ്രതിപക്ഷം കൈക്കൊള്ളുക.






