
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ ട്രാന്‍സ് പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ അഭിനയവും കഥയുടെ പ്രമേയവും ചിത്രം ഏറെ ചര്‍ച്ചയാക്കി. ഇപ്പോള്‍ അന്‍വര്‍ റഷീദ് പറഞ്ഞ വാക്കുകളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തിനായി ഫഹദ് ഫാസിലോ അമല്‍ നീരദോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അന്‍വര്‍ റഷീദിന്റെ വാക്കുകളിങ്ങനെ;
'2013ല്‍ പുറത്തിറങ്ങിയ അഞ്ച് സുന്ദരികളിലെ ആമിയിലാണ് ഇതിനു മുമ്പ് ഞാനും ഫഹദും അമലും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ഞാന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും എളുപ്പത്തിലും സന്തോഷത്തിലും ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ ഞങ്ങളുടേതായ അനുഭവങ്ങള്‍ സിനിമകളില്‍ കൊണ്ടുവരാനും നമ്മുടെ ഇടത്തില്‍ നിന്നുകൊണ്ട് അത് സിനിമയാക്കാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് 'ട്രാന്‍സ്' സംഭവിക്കുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമ ഇതാണ്. ഞങ്ങള്‍ മൂന്നു പേരെയും സംബന്ധിച്ച് 'ട്രാന്‍സ്' എന്ന സിനിമയില്‍ നിന്ന് എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാള്‍ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രോസസ്. അതുകൊണ്ട് തന്നെ ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവരെന്നെ വിശ്വസിച്ചതിനും തന്ന സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസ്സാരമായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്.'
'എന്റെ മുന്‍സിനിമകള്‍ വച്ചുനോക്കുമ്പോള്‍ ട്രാന്‍സില്‍ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങള്‍ കുറവായിരുന്നു എന്ന വാദം ഞാനും അംഗീകരിക്കുന്നു. ട്രാന്‍സിലെ പരാജയം എന്നെ ബാധിച്ചിട്ടുണ്ടാകാം. പക്ഷേ അതില്‍ നിന്നൊക്കെ ഞാന്‍ മുന്നോട്ടുപോയി. ട്രാന്‍സ് ഇഷ്ടപ്പെട്ട ഒരുപാട് ആളുകള്‍ ഉണ്ട്. പ്രത്യേകിച്ചും ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍. തമിഴ് സംവിധായകന് കെ.വി. ആനന്ദ് എന്നെ വിളിച്ച് അഭിന്ദിച്ചിരുന്നു. കഴിഞ്ഞ അ!ഞ്ച് വര്‍ഷത്തിനിടെ മലയാളത്തില്‍ ഇറങ്ങിയ ടെക്നിക്കലി ബെസ്റ്റ് ഫിലിം ആണ് ട്രാന്‍സ് എന്ന് അദ്ദേഹം പറഞ്ഞു. അരുവിയുടെ സംവിധായകന് അരുണ്‍ പ്രഭു, തെലുങ്ക് സംവിധായകന് പൂരി ജഗന്നാഥ് എന്നിവരും വിളിച്ച് അഭിനന്ദിച്ചു.'–അന്‍വര്‍ റഷീദ് പറഞ്ഞു.






