
'കാലിഡോസ്കോപ്പ്' എന്ന പേരില്‍ പുതിയ സേവനം പുറത്തിറക്കാനുള്ള ശ്രമവുമായി ഗൂഗിള്‍. എല്ലാ വീഡിയോ സ്ട്രീമിങ് സേവനങ്ങളേയും ഒറ്റ കുടക്കീഴില് കൊണ്ടുവരാനാണ് ഇത്. ഈ ഫീച്ചര്‍ ഗൂഗിള്‍ ക്രോമിന്റെ കാനറി ബില്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ക്രോംസ്റ്റോറി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഈ പേജ് നിലവില്‍ പിന്‍വലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
എല്ലാ സ്ട്രീമിങ് സേവനങ്ങളും കാലിഡോസ്കോപ്പില് ഒന്നിച്ച് കാണാമെന്നാണ് പ്രത്യേകത. ഈ വിന്‍ഡോയില്‍ സേവനങ്ങളുടെ ലോഗോകള്‍ ഉണ്ടാവും. കാലിഡോ സ്കോപ്പ് പേജ് സന്ദര്‍ശിച്ചാല്‍ ഇഷ്ടപ്പെട്ട സേവനങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാൻ സാധിക്കും. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് തുടങ്ങിയ സേവനങ്ങള്‍ മാത്രമാണ് നിലവില്‍ കാലിഡോ സ്കോപ്പില് ഉള്ളത് എന്നാണ് റിപ്പോർട്ട്. മറ്റ് സേവനങ്ങള്‍ താമസിയാതെ ഉള്‍പ്പെടുത്തിയേക്കും.
പൊതു ഉപയോക്താക്കള്‍ക്ക് കാലിഡോസ്കോപ്പ് എന്ന് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഈ സേവനം പുറത്തിറങ്ങുമോ എന്ന് വ്യക്തമല്ല. 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ട് പ്രകാരം ഓരോ സ്ട്രീമിങ് സേവനങ്ങളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുത്ത് നിര്‍ദേശിക്കുന്ന ഡിസ്കവര് ഫീച്ചറും കാലിഡോസ്കോപ്പില് ഉണ്ടാകാം.






