
ട്രാൻസിന് ശേഷം അൻവർ റഷീദ് പുതിയ സിനിമ ഒരുക്കുന്നു. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മറ്റൊരു സംവിധായകനായ മിഥുൻ മാനുവൽ തോമസാണ്. എന്നാൽ മലയാളത്തിൽ അല്ല സിനിമയൊരുക്കുന്നത് എന്നതാണ് ഇക്കാര്യത്തെ ശ്രദ്ധേയമാക്കുന്നത്. ഈ കൂട്ടുകെട്ട് ചിത്രമൊരുക്കുന്നത് തമിഴിലാണ്.
കൈതി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. അൻവർ റഷീദ് ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. മിഥുൻ മാനുവൽ തോമസാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അൻവർ റഷീദിന്റെ അവസാന ചിത്രം ട്രാൻസ് വൻവിജയമായിരുന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകൻ. നസ്രിയ നസീം, വിനായകൻ, ഗൗതം വസുദേവ് മേനോൻ, ചെമ്പൻ വിനോദ് തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു.






