
അടുത്ത ഉത്സവ സീസണിന്റെ ഭാഗമായി മാരുതിയുടെ ഹാച്ച്ബാക്ക് വാഹനമായ സെലേറിയോയുടെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. പുതിയ പ്ലാറ്റ്ഫോമിലും ആകര്‍ഷകമായ രൂപകല്പന, അഴിച്ചുപണിതിട്ടുള്ള ഇന്റീരിയറിലുമാണ് ഈ വാഹനത്തിന്റെ പുതുതലമുറ മോഡല്‍ എത്തുന്നത്.
ചെറു ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതി സെലേറിയ എത്തുന്നത് 2014-ലാണ്. മാരുതി ആദ്യമായെത്തിച്ച ഓട്ടോമാറ്റിക് വാഹനം സെലേറിയോ ആണ്. സെലേറിയോയുടെ പ്രധാന എതിരാളികളായ ടാറ്റ ടിയാഗോ, ഹ്യുണ്ടായി സാന്‍ട്രോ തുടങ്ങിയ മോഡലുകളില്‍ കൂടുതല്‍ ഫീച്ചര്‍ ഇടംപിടിച്ചതോടെയാണ് ഈ വാഹനവും പരിഷ്കരിക്കാൻ തീരുമാനിച്ചത്.
റിപ്പോർട്ട് പ്രകാരം സെലേറിയോയിലും മാരുതി വാഗണ്‍ ആറിന് സമാനമായി 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ എന്നീ രണ്ട് എന്ജിന് ഓപ്ഷനുകള്‍ നല്‍കും. 1.0 ലിറ്റര്‍ എന്ജിന് 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും, 1.2 ലിറ്റര്‍ എന്ജിന് 77 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി എന്നിവ ട്രാന്സ്മിഷന് ഒരുക്കും. പുതുതലമുറ സെലേറിയോയുടെ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ ഒരുങ്ങും.






