
സിജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടു. മാരീചൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സിജു വിൽസൺ വേറിട്ട ഗെറ്റപ്പിലാണെത്തുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് സിജു വിൽസൺ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഖിൽ ഉണ്ണിയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. മാത്യൂസ് തോമസും അനിരുദ്ധും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പുരാണ പ്രകാരം രാവണന്റെ കിങ്കരനായ ഒരു രാക്ഷസനാണ് മാരീചൻ. ചിത്രത്തിൻ്റെ കഥയ്ക്ക് പുരാണകഥയുമായി സാദൃശ്യമുള്ളതിനാലാണോ ഇത്തരത്തിലൊരു പേരിട്ടത് എന്ന സംശയത്തിലാണ് ആരാധകരും. രാമായണത്തിന്റെ ആരണ്യകാണ്ഡത്തിൽ രാവണന്റെ നിർദ്ദേശ പ്രകാരം മാരീചൻ രാമനേയും ലക്ഷ്മണനേയും സീതയുടെ അടുത്തുനിന്നും മാറ്റുന്നതായി പറയുന്നുണ്ട്. ഈ സമയത്തു വേഷപ്രച്ഛന്നനായി എത്തുന്ന രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുകയും സ്വർണ്ണ വർണ്ണത്തിലുള്ള മാനായി വന്ന മാരീചനെ ശ്രീ രാമൻ വധിക്കുകയും ചെയ്യുന്നുണ്ട്.
വരയൻ ആണ് സിജു വിൽസൺ വേറിട്ട ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചിത്രം. എ ജി പ്രേമചന്ദ്രൻ സത്യം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ ജിജോ ജോസഫ് ആണ്. ചിത്രത്തിൽ സിജു വൈദികന്റെ വേഷത്തിലാണ് എത്തുന്നത്.






