
ന്യൂയോര്‍ക്ക്: യുഎസില്‍ കറുത്തവര്ഗ്ഗക്കാരനു നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് നവോമി ഒസാക്ക ഡബ്ല്യുടിഎ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍വാങ്ങി. ന്യൂയോര്‍ക്കിലെ ഡബ്ല്യൂടിഎ വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ സെമി ഫൈനലില്‍ നിന്നാണ് ജപ്പാന് താരം പിന്മാറിയത്. ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയ കാര്യം ട്വിറ്ററിലൂടെയാണ് ഒസാക്ക അറിയിച്ചത്.
വെളുത്തവര്‍ക്ക് ഭൂരിപക്ഷമുള്ള കായികരംഗത്ത് തനിക്ക് ഒരു ചര്‍ച്ച ആരംഭിക്കാന്‍ കഴിയുമെങ്കില്‍ ശരിയായ ദിശയിലേയ്ക്കുള്ള ഒരു ചുവടുവെപ്പായി ഇതിനെ കാണുന്നു.. ഒസാക്ക ട്വിറ്ററില്‍ കുറിച്ചു. താന്‍ കളിക്കാത്തതിനാല്‍ വലിയ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും താരം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഒസാക്ക പിന്മാറിയതോടെ ടൂര്‍ണമെന്റ് വെള്ളിയാഴ്ച വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. യുഎസിലെ വിസ്കോണ്‍സില്‍ സംസ്ഥാനത്ത് കെനോഷയിലാണ് കറുത്തവര്ഗ്ഗക്കാരാനായ ജേക്കബ് ബ്ലേക്കിനു നേരെ അക്രമണം ഉണ്ടായത്. പോലീസ് വെടിവെയ്പ്പില്‍ പരിക്കേറ്റ ബ്ലേക്കിന്റെ ശരീരം അരയ്ക്കു താഴെ തളര്‍ന്നു. വെടിവെയ്പ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.






