
ഹോര്‍നെറ്റ് ബൈക്കിനെ പരിഷ്കരിച്ച് ഹോണ്ട 200 സിസി ബൈക്ക് ശ്രേണിയിലെത്തിച്ചിരിക്കുന്നു. ഇപ്പോൾ ഹോര്‍നെറ്റ് 2.0 എന്നാണ് പേര്. കരുത്തിലും ലുക്കിലും വലിയ മാറ്റങ്ങളോടെയാണ് എത്തുന്നത്. സ്പോര്‍ട്സ് ബൈക്കുകളോട് സാമ്യം തോന്നിക്കുന്ന ഡിസൈനാണ് ഹോണ്ടയുടെ ഹോര്‍നെറ്റ് 2.0 എന്ന പുത്തന്‍ സ്ട്രീറ്റ് ഫൈറ്ററിന് ലഭിക്കുന്നത്. ഈ പുത്തന്‍ മോഡലിന് 1.26 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. സെപ്റ്റംബറില്‍ ഹോര്‍നെറ്റ് 2.0 വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.
ഹോര്‍നെറ്റ് 2.0യുടെ രൂപകല്‍പ്പന ആഗോള വിപണിയിലെ ഹോണ്ടയുടെ സിബിഎഫ് 190 ആര് മോഡലിനെ അടിസ്ഥാനമാക്കിയാണ്. ഹോര്‍നെറ്റ് 2.0 എത്തിയിരിക്കുന്നത് സിംഗിള്‍ ക്രാഡില്‍ ഫ്രെയിമില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായാണ്. മസ്കുലര്‍ ടാങ്ക്, അലോയി വീല്‍, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എന്ജിന് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയവയാണ് ഡിസൈന്‍ സവിശേഷത.
200 സിസി ബൈക്ക് ശ്രേണിയിലാണ് വരുന്നതെങ്കിലും 184 സിസി എച്ച്ഇടി പിജിഎം-എഫ്ഐ എന്‍ജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. ഇത് 17 ബിഎച്ച്പി പവറും 16.1 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് ട്രാന്സ്മിഷന് ഒരുക്കും. ഹോര്‍നെറ്റ് 2.0 11.25 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസും ഈ ബൈക്കിന് സുരക്ഷയൊരുക്കുന്നുണ്ട്.






