
ബിരുദപ്രവേശനം നേടിയ വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റിൽ ബോളിവുഡ് നടിയുടെ പേര് ഉൾപ്പെടുത്തി കൊൽക്കത്തയിലെ പ്രസിദ്ധ കോളേജ്. കൊൽക്കത്തയിലെ അശുതോഷ് കോളേജിന്റെ വെബ്സൈറ്റിലാണ് നടി സണ്ണി ലിയോണിന്റെ പേരു സഹിതം പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ബി എയ്ക്ക് പ്രവേശനം നേടിയ വിദ്യാർഥികളുടെ പട്ടിക കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. നടിയുടെ പേരിനൊപ്പം അപേക്ഷ സമർപ്പിച്ച ഐഡിയും റോൾ നമ്പറും പട്ടികയിലുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നാലു വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയിട്ടുണ്ടെന്നും പേരിനൊപ്പം സൂചിപ്പിച്ചിരുന്നു.
ഏതോ വിദ്യാർഥി മന:പൂർവം തെറ്റായ അപേക്ഷ സമർപ്പിച്ചതാണെന്നും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അധികൃതരോട് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോളേജ് അധികൃതർ വിശദീകരണം നൽകി. ഇതിനു മുമ്പ് 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ റിപ്പോർട്ടിങ്ങിനിടയിൽ സണ്ണി ഡിയോൾ എന്നതിനു പകരം വാർത്താ ചാനലിലെ അവതാരകൻ അബദ്ധത്തിൽ സണ്ണി ലിയോൺ എന്നു പറഞ്ഞത് വലിയ ചർച്ചയായിരുന്നു. പിന്നീടു പുറത്തുവന്ന ട്രോളുകൾ നടി അടക്കമുള്ളവർ ഷെയർ ചെയ്തിരുന്നു.






