
ടിവിഎസ് ജൂപിറ്ററിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ജൂപിറ്ററിന്റെ ZX ഡിസ്ക് വേരിയന്റിന് 69,052 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. നവീകരിച്ച ഐ-ടച്ച് സ്റ്റാര്‍ട്ട് സാങ്കേതികവിദ്യയിലും, ഡിസ്ക് ബ്രേക്ക് സുരക്ഷയിലുമാണ് വാഹനം എത്തുന്നത്. സ്റ്റാര്‍ലൈറ്റ് ബ്ലൂ, മാറ്റ് സ്റ്റാര്‍ലൈറ്റ് ബ്ലൂ, റോയല്‍ വൈന്‍ തുടങ്ങിയ മൂന്ന് നിറങ്ങളിലാണ് ജൂപിറ്റര്‍ ZX ഡിസ്ക് വേരിയന്റ് എത്തുന്നത്.
ഐ-ടച്ച് സ്റ്റാര്‍ട്ട് സൗകര്യവും ഇതിലുണ്ട്. ശബ്ദരഹിതവും പെട്ടെന്നുള്ള സ്റ്റാര്‍ട്ടിങ്ങും ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ഇത്. ഐ സ്കൂട്ടറിന്റെ ബാറ്ററി ആയുസ് വര്‍ധിപ്പിക്കുന്നതിനൊപ്പം 15 ശതമാനം അധിക ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറയ്ക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നതെന്നാണ് റിപ്പോർട്ട്.
രണ്ട് ലിറ്റര്‍ ഗ്ലോവ് ബോക്സ്, എല്‍ഇഡി ഹെഡ്ലാമ്പ്, മൊബൈല്‍ ചാര്‍ജര്‍, 21 ലിറ്റര്‍ സ്റ്റോറേജ് തുടങ്ങിയവ ജുപിറ്ററിലെ സവിശേഷതകളാണ്. ജൂപിറ്ററിന് കരുത്തേകുന്നത് എട്ട് ബിഎച്ച്പി പവറും എട്ട് എന്‍എം ടോര്‍ക്കുമേകുന്ന 110 സിസി ബിഎസ്-6 എന്‍ജിനാണ്. ജൂപിറ്റര്‍ ZX-ലെ മറ്റൊരു സവിശേഷത ഓള് ഇന്‍ വണ്‍ ലോക്ക് സംവിധാനമാണ്. ഇഗ്നീഷന്‍, ഹാന്‍ഡില്‍ ലോക്ക്, സീറ്റ് ലോക്ക്, ഫ്യുവല്‍ ക്യാപ് തുടങ്ങിയവ ഒരു കീ ഹോളില്‍ തന്നെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് സൂചന.






