
മലയാളികളുടെ ഇടനെഞ്ചിലേക്ക് ലോക്ക് ഡൗൺ കാലത്ത് കടന്നുവന്നൊരു സൂഫിയാണ് ദേവ് മോഹൻ. "വരൂ നിന്റെ മോക്ഷവും മുക്തിയും ഞാനാകുന്നു..." എന്ന് പറഞ്ഞുകൊണ്ടയാള്‍ സുജാതയുടെ മനം കവർന്നതുപോലെ ഓരോ സിനിമാ പ്രേമിയേയും സ്വന്തമാക്കിയിരുന്നു. അധികം മുഖവുരയുടെ ആവശ്യമില്ല സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ദേവ് മോഹന്‍. നാരാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും എന്ന മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസിലെ നായകൻ തന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍.
തൃശൂർ സ്വദേശിയാണ് ദേവ് മോഹൻ. ബംഗളൂരുവിൽ മെക്കാനിക്കൽ എൻജിനീയർ ആയിരുന്നു. ഓഡിഷൻ വഴി ആണ് സിനിമയുടെ ഭാഗമായത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധ നേടുകയുമുണ്ടായി. സൂഫി എന്ന കഥാപാത്രമാകുന്നതിനായി സൂഫി കാലിന്റെ വിരലിൽ കുത്തി നിന്ന് കറങ്ങുന്ന വേളിംഗ് എന്ന മെഡിറ്റേഷൻ ഉള്‍പ്പെടെ ദേവ് മോഹൻ അഭ്യസിച്ചിരുന്നു.
സിനിമ ഇറങ്ങിയതിന് പിന്നാലെ നായിക അതിഥി റാവുവിനോടൊപ്പമുള്ള ദേവ് മോഹന്റെ രംഗങ്ങള്‍ക്കും പാട്ടുകള്‍ക്കുമൊക്കെ മികച്ച പ്രതികരണം ലഭിച്ചു. ഇതോടെ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ നിരവധി ഫാൻ ഫോളോയിംഗ് ദേവിനുണ്ടായി. ഈ സമയത്താണ് ദേവിനോട് ക്രഷ് തോന്നിയ എല്ലാവരേയും ഞെട്ടിപ്പിക്കുന്നൊരു പ്രഖ്യാപനം താരം സോഷ്യൽമീഡിയയിൽ നടത്തിയിരിക്കുന്നത്.
'നീ എന്റെ ആത്മാവിന് ശാന്തത കൊണ്ടുവന്നു. ഇത് തൽക്ഷണമുള്ളൊരു മുത്തശ്ശിക്കഥയല്ല, മറിച്ച് ഒരു ദശകത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം കാലത്തും നീ എന്റെ അരികിലുണ്ടായിരുന്നു, നമ്മുടെ ജീവിതം ഒരുമിച്ചു ചേരുമ്പോൾ ക്ഷമയോടെ നീ എന്റെ നെടുതൂണാകൂ, എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും നീ എന്റെ അരികിൽ ഉണ്ടായിരുന്നു, ആ നിമിഷങ്ങളാണ് എന്നെ നിര്‍വ്വചിച്ചത്', പ്രണയിനിക്കൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ദേവ് മോഹൻ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.
'നിന്നരികിൽ ചേര്‍ന്ന് നിൽക്കാൻ, നിന്റെ സന്തോഷത്തോടൊപ്പം സന്തോഷിക്കാൻ, നിൻ ആത്മാവിനെ ഉണർത്താൻ എന്നെ അനുവദിക്കൂ. കാലത്തിന്റെ വേലിയേറ്റങ്ങള്ക്കിടയിൽ നമുക്ക് ഒരുമിച്ച് ആഘോഷിക്കാം ജീവിതം', താരം കുറിച്ചിരിക്കുകയാണ്. പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഞങ്ങള്‍ ഞങ്ങളുടെ യാത്ര ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വാഗ്ദാനം കൈമാറും നേരം നിങ്ങളുടെ ഏവരുടേയും അനുഗ്രഹവും സ്നേഹവും ഉറപ്പായും ഉണ്ടാകണം, ദേവ് മോഹൻ വിവാഹത്തെ കുറിച്ച് സൂചന നൽകി കുറിച്ചിരിക്കുകയാണ്. ജിതിൻ എ ശങ്കര്‍ജിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. നിരവധിപേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.






