
ഭുവനേശ്വര്‍: ഒഡിഷയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് കാറുടമ സഞ്ജയ് ഡാഷ്ബോര്‍ഡ്, സ്റ്റീയറിങ്, സീറ്റ് എന്നിവയില്‍ സാറ്റിറ്റൈസര്‍ ഉപയോഗിച്ചിരുന്നു.
സഞ്ജയ് വാഹനത്തില്‍ നിന്നിറങ്ങി നൂറുമീറ്ററോളം നടന്നപ്പോഴേക്കും വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്ക്യൂട്ടേ കാറില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറോ തീപിടുത്തത്തിന് കാരണമാകാമെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാനിറ്റൈസറിന്റെ കുപ്പി അടച്ചിരുന്നോ എന്ന കാര്യത്തില്‍ സഞ്ജയ് സംശയം പ്രകടിപ്പിച്ചു.
എന്നാല്‍ കുപ്പിയുടെ മൂടി തുറന്നിരുന്നാല്‍ സാനിറ്റൈസര്‍ ബാഷ്പീകരിച്ച് അടച്ചിട്ട കാറിനുള്ളില്‍ നിറയാനും വാഹനത്തിന്റെ ഉള്‍വശം ഒരു ഗ്യാസ് ചേംബറായിത്തീരാനും സാധ്യതയുണ്ടെന്നും ചെറിയൊരു തീപ്പൊരി വലിയ തീപ്പിടിത്തത്തിനിടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. സാനിറ്റൈസറിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന് തീപ്പിടിക്കാന്‍ 21 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് മതിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഞായറാഴ്ച ഭുവനേശ്വറില്‍ 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു പകല്‍ താപനില.






