
നൊസ്റ്റാൾജിക് ടച്ചുള്ള റേസിംഗ് സിക്സ്റ്റീസ് ലിമിറ്റഡ് എഡിഷൻ സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയൻ ലൈഫ്സ്റ്റൈൽ സ്കൂട്ടർ നിർമ്മാതാക്കളായ വെസ്പ. റേസിംഗ് സിക്സ്റ്റീസ് സ്പെഷ്യൽ എഡിഷൻ തയ്യാറാക്കിയിരിക്കുന്നത് ബിഎസ്6 മലിനീകരണ നിയമങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് വെസ്പ അടുത്തിടെ ലോഞ്ച് ചെയ്ത SXL 125, SXL 150 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ്.
1.19 ലക്ഷം ആണ് വെസ്പ റേസിംഗ് സിക്സ്റ്റീസ് SXL 125 മോഡലിന്റെ എക്സ്-ഷോറൂം വില. റേസിംഗ് സിക്സ്റ്റീസ് SXL 150 മോഡലിന് 1.32 ലക്ഷവുമാണ് എക്സ്-ഷോറൂം വില. റേസിംഗ് സിക്സ്റ്റീസ് മോഡലുകൾക്ക് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 6000 രൂപ വരെ കൂടുതലാണ്. ബുക്കിംഗ് ഡീലർഷിപ്പുകൾ വഴിയും കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിലും ആരംഭിച്ചെന്നാണ് റിപ്പോർട്ട്. 1000 രൂപയാണ് ടോക്കൺ തുക. മാത്രമല്ല, സ്കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 2000 രൂപ വിലവരുന്ന ആനുകൂല്യങ്ങൾ ലഭിക്കും എന്നും വെസ്പ വ്യക്തമാക്കിയിട്ടുണ്ട്.
124.45 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് എൻജിൻ ആണ് റേസിംഗ് സിക്സ്റ്റീസ് SXL 125 മോഡലിനെ ചലിപ്പിക്കുന്നത്. 9.9 എച്പി പവറും 9.6 എൻഎം ടോർക്കും ഉത്പാദിപിപ്പിക്കും. അതെ സമയം, 10.5 എച്ച്പി പവറും 10.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 149.5 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് എൻജിൻ ആണ് റേസിംഗ് സിക്സ്റ്റീസ് SXL 150 പതിപ്പിന്റെ കരുത്ത്.






