
കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ചത് നിരസിച്ചതിന് സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ പ്രചരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച സംവിധായകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയ്ക്ക് എതിരെ നിയമ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് അധ്യാപിക സായി ശ്വേത വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസിനിടെ മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞ് സായി ശ്വേത വൈറലായിരുന്നു. ഇതിന് പിന്നാലെ പല പരിപാടികളിലും സായി ശ്വേത പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ശ്രീജിത്ത് സിനിമ ഓഫറുമായി സമീപിച്ചത്. ആലോചിച്ച് തത്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടി നല്കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത് പെരുമന സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ് സായി ശ്വേതയുടെ ആരോപണം.
എന്നാല്‍ സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്നും വിഷയം കൈകാര്യം ചെയ്തതിലെ തകരാര്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് എന്നുമാണ് ശ്രീജിത്ത് പെരുമനയുടെ പറയുന്നത്. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പുറമേ വിവിധ സിനിമാ സംഘടനകള്‍ക്കും സായി ശ്വേത പരാതി നല്‍കിയിട്ടുണ്ട്.






