
ഒത്തിരിയൊത്തിരി മനോഹര ഗാനങ്ങള്‍ ഒരുക്കിയ സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനും വയലിനിസ്റ്റുമാണ് ഔസേപ്പച്ചൻ. എന്നാലിപ്പോള്‍ സംഗീതം വിട്ട് മറ്റൊരു മേഖലയിലേക്ക് തന്റെ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊവിഡ് കാലത്ത് വീട്ടിൽ ഇരുന്നപ്പോള്‍ അദ്ദേഹം തീര്‍ത്ത മേശയും കുരിശും അടുക്കളയിലേക്കുള്ള തട്ട്പലകയും ഷെൽഫുമൊക്കെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ മരപ്പണിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നമ്മുടെ ജീവിതത്തിൽ നമ്മുടെ മനസ്സും ശരീരവും മോശമാകുന്നത് വെറുതെ സമയം കളയുന്നത് കൊണ്ടാണ്. ഈ കൊറോണ കാലത്ത് ഇത്തരം സാഹചര്യത്തിൽ നമ്മൾ എത്തിപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തെ നമുക്ക് തന്നെ അതിജീവിക്കാം. ഇതിനു വേണ്ടി ഞാൻ നടത്തിയ ഒരു ശ്രമം ആണ് ഇത് എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ മരപ്പണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.






