ഇ കൊമേഴ്സ് രംഗത്തെ മുൻനിരക്കാരായ ആമസോൺ ഡോട്ട് കോം യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കാനായി മെഴ്സീഡിസ് ബെൻസിൽ നിന്ന് 1,800 വൈദ്യുത വാൻ വാങ്ങുമെന്ന് റിപ്പോർട്ട്. ആമസോൺ ഇത്രയധികം വൈദ്യുത വാഹനങ്ങൾ സ്വന്തമാക്കുന്നത് 2040 ആകുന്നതോടെ കാർബൺ ന്യൂട്രൽ ബിസിനസായി മാറുകയെന്ന ലക്ഷ്യത്തോടെയാണ്.
വലിപ്പമേറിയ ഇ സ്പ്രിന്റർ 1,200 എണ്ണവും ഇടത്തരം വിഭാഗത്തിൽപെട്ട ഇ വിറ്റോസ് 600 എണ്ണവുമാണ് ആമസോൺ വാങ്ങുന്നത്. ജർമൻ നിർമാതാക്കളായ ഡെയ്മ്ലർ എ ജിയുടെ കാർ – വാൻ വിഭാഗമായ മെഴ്സീഡിസ് ബെൻസിൽ നിന്നുള്ള വാഹനങ്ങൾ ഇക്കൊല്ലം തന്നെ സർവീസിനെത്തുമെന്നാണു സൂചന.
കൂടാതെ, ഒരു ലക്ഷം വൈദ്യുത ഡെലിവറി വാനുകൾ സ്റ്റാർട് അപ് സംരംഭമായ റിവിയൻ ഓട്ടമോട്ടീവ് എൽ എൽ സിയിൽ നിന്നും വാങ്ങാനും ആമസോൺ തീരുമാനിച്ചിട്ടുണ്ട്. ആമസോണിനു കൂടി നിക്ഷേപമുള്ള സംരംഭമാണു റിവിയൻ ഓട്ടമോട്ടീവ്. മെഴ്സീഡിസ് ബെൻസിന്റെ വൈദ്യുത വാഹന വിഭാഗത്തിൽ കമ്പനിക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിത്. ഇതിൽ എണ്ണൂറോളം വാഹനങ്ങൾ ജർമനിയിൽ 500 എണ്ണം ഇംഗ്ലണ്ടിലും ലഭ്യമാക്കണമെന്നാണു സൂചന






