
മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായെത്തി പിന്നീട് ഹാസ്യതാരമായി നായകനായി ഉയര്‍ന്ന താരമാണ് ഇന്ദ്രൻസ്. അടുത്തിടെ ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കുകയുണ്ടായി. ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന ഒരു വേറിട്ട ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
ഇതുവരെ കാണാത്ത ലുക്കിലാണ് 64 വയസ്സുള്ള ഇന്ദ്രൻസിനെ അവതരിപ്പിച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് നടി സാനിയ ഇയ്യപ്പന്റെ ദ സ്വേ ഫോട്ടോഷൂട്ട് നടത്തിയ ദി ബൊഹീമിയന്‍ ഗ്രൂവ് ടീം തന്നെയാണ് ഈ ഫോട്ടോഷൂട്ടിനും പിന്നിൽ.
ഇന്‍സ്റ്റഗ്രാം ഫോട്ടോ/വീഡിയോ ഷൂട്ട് സംഘമായ ഇവര്‍ ഫാഷന്‍ ഡയക്ടര്‍ അച്ചുവിന്റെ സംവിധാനത്തില്‍ ടിജോ ജോൺ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റഫ് ആൻഡ് ടഫ് ലുക്കിലാണ് ഇന്ദ്രൻസിനെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത്.
സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വെസ്റ്റേൺ ഡെനിം വസ്ത്രങ്ങളണിഞ്ഞ് ഡാർക്ക് മൂഡിലുള്ളതാണ് ചിത്രങ്ങൾ. ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്. സമുദ്രത്തിലൂടെ അതിനപ്പുറത്തേക്ക് എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽമീഡിയിയൽ ഈ ചിത്രങ്ങൾ വൈറലായപ്പോൾ ഇന്ദ്രൻസ് അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ലുക്കെന്നാണ് ഏവരും കരുതിയത്. ഇതോടെ സിനിമാ ഗ്രൂപ്പുകളിൽ ചിത്രങ്ങൾ ഏറെ ചർച്ചയാകുകയുമുണ്ടായി. ഇതിന് ശേഷം ഇന്ദ്രൻസ് ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോഴാണ് ഫോട്ടോഷൂട്ട് കൺസപ്റ്റാണെന്ന് അറിയുന്നത്.
ഇന്ദ്രൻസ് സിനിമയിലെത്തിയിട്ട് ഈ വർഷം 40 വർഷങ്ങൾ തികയുകയാണ്. 1980ൽ അണിയാത്ത വളകൾ എന്ന സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായിട്ടായിരുന്നു തുടക്കം. പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ചൂതാട്ടമാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഇതിനകം 330ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗോസ്റ്റ് റൈറ്റർ, അനുഗ്രഹീതൻ ആന്റണി, മെമ്പർ രമേശൻ 9-ാം വാർഡ്, കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, ജോൺ ലൂഥർ, പടവെട്ട്, യുവം തുടങ്ങിയവയാണ് ഇന്ദ്രൻസ് അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ.