
ബിഎസ് VI നിലവാരമുള്ള എൻജിനോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ മരാസൊ വിപണിയിലെത്തി. റിപ്പോർട്ട് പ്രകാരം വകഭേദങ്ങളുടെ എണ്ണം നേരത്തെയുള്ള നാലിൽ നിന്നു മൂന്നായി കുറച്ചിട്ടുണ്ട്. എല്ലാ വകഭേദങ്ങളും ഏഴ് അഥവാ എട്ട് സീറ്റ് ക്രമീകരണത്തോടെ ലഭ്യമാവും. മുമ്പ് എംടു, എം ഫോർ, എം സിക്സ്, എം എയ്റ്റ് എന്നീ പതിപ്പുകളിൽ മരാസൊ ലഭ്യമായിരുന്നു. എന്നാൽ, ഇനി എംടു, എംഫോർപ്ലസ്, എം സിക്സ് പ്ലസ് പതിപ്പുകൾ മാത്രമാണു വിൽപനയ്ക്കുണ്ടാവുക.
11.25 ലക്ഷം രൂപയാണ് മരാസൊയുടെ അടിസ്ഥാന വകഭേദമായ എംടുവിന് ഡൽഹി ഷോറൂമിൽ വില. ബി എസ് നാല് നിലവാരമുള്ള സമാന മോഡലിനെ അപേക്ഷിച്ച് 1.26 ലക്ഷം രൂപ അധികമാണിത്. ഉയർന്ന വകഭേദമായ എം സിക്സ് പ്ലസിന്റെ ഏഴു സീറ്റുള്ള പതിപ്പിന് 13.51 ലക്ഷം രൂപയും എട്ടു സീറ്റുള്ള വകഭേദത്തിന് 13.59 ലക്ഷം രൂപയുമാണു ഷോറൂം വില എന്നാണ് റിപ്പോർട്ട്.
123 ബി എച്ച് പിയോളം കരുത്തും 300 എൻ എം വരെ ടോർക്കുമാണ് 1.5 ലീറ്റർ ടർബോ ഡീസൽ എൻജിൻ സൃഷ്ടിക്കുക. മുമ്പത്തെ പോലെ ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള എം പി വിയിലെ ഏക ട്രാൻസ്മിഷൻ സാധ്യത. ‘മരാസൊ’യിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കുമെന്ന ഉറപ്പില്ല. ക്രമേണ എം സ്റ്റാലിയൻ ശ്രേണിയിലെ പെട്രോൾ എൻജിൻ സഹിതവും ‘മരാസൊ’ വിൽപ്പനയ്ക്കെത്തുമെന്നാണ് സൂചന.






