
'അങ്കമാലി ഡയറീസ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായി മാറിയ നടനാണ് ആന്റണി വർഗീസ്. 2017ൽ തുടങ്ങിയ തന്റെ അഭിനയ ജീവിതം 2020ൽ എത്തി നിക്കുമ്പോൾ കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ അദ്ദേഹം അഭിനയിച്ചത് മൂന്നേ മൂന്ന് ചിത്രങ്ങളിലാണ്. ആന്റണി നായകനായി എത്തിയ 'അങ്കമാലി ഡയറീസ്','സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ','ജെല്ലിക്കെട്ട്' എന്നീ മൂന്ന് ചിത്രങ്ങളും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.
'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' സംവിധാനം നിർവഹിച്ച ടിനു പാപ്പച്ചനും ആന്റണിയും വീണ്ടുമൊന്നിക്കുകയാണ്. 'അജഗജാന്തരം' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ഉത്സവപ്പറമ്പിൽ നടക്കുന്ന സംഘട്ടനപശ്ചാത്തലമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നുള്ള എല്ലാ സൂചനകളും പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിൽ ആക്രോശിച്ചു നിൽക്കുന്ന ആന്റണിക്ക് തൊട്ടരികിൽ അർജുൻ അശോകനുമുണ്ട്.






