
അബുദാബി : വാഗ്ദാനം ചെയ്ത ജോലി നല്‍കാത്ത കമ്പനിയോട് 5.4 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനുള്ള പ്രാഥമിക കോടതിയുടെ വിധി ശരിവച്ച് അബുദാബി അപ്പീല്‍ കോടതി. ബജറ്റ് ആന്‍ഡ് പ്ലാനിങ് മാനേജര്‍ തസ്തികയില്‍ 90,000 ദിര്‍ഹം ശമ്പളവും കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ആരോഗ്യ ഇന്‍ഷൂറന്‍സും വിമാന ടിക്കറ്റും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത വ്യക്തിക്ക് അവസാന നിമിഷം ജോലി നല്കാന് വിസമ്മതിച്ച കമ്പനിക്കെതിരെയാണ് വിധി.
പുതിയ കമ്പനിയുടെ ഓഫര്‍ ലെറ്റര്‍ ലഭിച്ച ശേഷം പഴയ കമ്പനിയിലെ ജോലി രാജിവച്ചിരുന്നു. 76,000 ദിര്‍ഹം ശമ്പളം വാങ്ങിയിരുന്ന തനിക്കുണ്ടായ മാനസിക, സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി പുതിയ കമ്പനിക്കെതിരെ സമര്‍പ്പിച്ച കേസിലാണ് വിധി.
ഇതിന് തെളിവായി ഓഫര്‍ ലെറ്ററും സമര്‍പ്പിച്ചിരുന്നു. തൊഴില്‍കരാര്‍ ലംഘനമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേസമയം ഇയാള്‍ ഏതു രാജ്യക്കാരനെന്ന് വ്യക്തമാക്കിയില്ല.






