
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചിയായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് അന്ന രേഷ്മ രാജന്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അന്നയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അന്ന എത്തിയിരുന്നത്. അടുത്തിടെ അന്നയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശരീരഭാരം വളരെയധികം കുറച്ച താരത്തെയാണ് ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. ഇപ്പോളിതാ തന്റെ പുതിയ ഗെറ്റപ്പിനെ കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് അന്ന.
'' അയ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതല്‍ മറ്റൊരു ചിത്രത്തിന് വേണ്ടി തടി കുറയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ പ്ലാന്‍ എല്ലാം മാറുകയായിരുന്നു. ഇനി ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞിട്ട് തുടങ്ങാം എന്നു കരുതി. ലോക്ക് ഡൗണ്‍ കാലത്ത് ജീവിത ശൈലി മാറിയപ്പോള്‍ അതിനോടൊപ്പം ശരീരവും മാറി. എങ്കിലും ആരോഗ്യകാര്യങ്ങളില്‍ കുറച്ച് കൂടി ശ്രദ്ധിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ ആയപ്പോള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ ബോറായിരുന്നു. എപ്പോഴും ഫോണില്‍ നോക്കിയിരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ചേട്ടന്റെ കൂടെ ഷട്ടില്‍ കളിക്കാന്‍ തീരുമാനിച്ചു.
അങ്ങനെ ഞാനും ചേട്ടനും കൂടി കളിച്ചു തുടങ്ങി. ഇപ്പോള്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഷട്ടില്‍ കളിക്കും. അതുകൂടാതെ മധുരം കഴിക്കുന്നത് കുറച്ചു. എന്റെ ഭക്ഷണശൈലി മാറ്റി. എല്ലാം കൂടിയായപ്പോള്‍ വന്ന മാറ്റമാണ് ഇപ്പോള്‍ കാണുന്നത്. ഇപ്പോഴും മധുരം കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളായിരുന്നു ഞാന്‍. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മധുര പലഹാരങ്ങള്‍ കഴിക്കാനായിരുന്നു. ഇപ്പോള്‍ ആ ശീലമൊക്കെ ഞാന്‍ മാറ്റി. ഫോട്ടോയ്ക്ക് കമന്റുകള്‍ വന്നപ്പോഴാണ് നല്ല മാറ്റമുണ്ടായെന്ന് എനിക്കും തോന്നിയത്.'' - അന്ന പറയുന്നു.






