
സുസുക്കിയുടെ സ്വിഫ്റ്റ് ആഗോളതലത്തിൽ തന്നെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളിൽ ഒന്നാണ്. സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ ഇപ്പോൾ ഇംഗ്ലിണ്ടിലും പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി.
ഈ സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് അതിന്റെ മൊത്തത്തിലുള്ള രൂപഘടനയിൽ കാര്യമായ മാറ്റമൊന്നും അവതരിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഹാച്ചിന്റെ സ്പോർട്ടി സ്വഭാവം അതേപടി നിലനിർത്തി മുൻവശത്ത് പരിഷ്ക്കരിച്ച ഗ്രില്ലും, ഹെഡ്ലാമ്പുകളും ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. ഇന്ത്യൻ വാഹന പ്രേമികളും ഏറെ പ്രതീക്ഷയോടെ ആണ് പുതിയ സ്വിഫ്റ്റിനായി കാത്തിരിക്കുന്നത്. 12.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ (0-62 മൈൽ) വേഗത കൈവരിക്കാൻ പുതിയ സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന് സാധിക്കും.
പുതിയൊരു 1.2 ലിറ്റർ എഞ്ചിനും പുതിയ സ്വിഫ്റ്റിൽ സുസുക്കി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് പുനർരൂപകൽപ്പന ചെയ്ത വേരിയബിൾ ഡിസ്പ്ലേസ്മെന്റ് ഓയിൽ പമ്പ്, ഡ്യുവൽ-ഇഞ്ചക്ഷൻ സിസ്റ്റം, ഇലക്ട്രോണിക് വേരിയബിൾ വാൽവ് ടൈമിംഗ്, ഇലക്ട്രിക് പിസ്റ്റൺ കൂളിംഗ് ജെറ്റുകൾ എന്നിവ ലഭിച്ചു. നവീകരിച്ച എഞ്ചിൻ ഇപ്പോൾ 82 bhp കരുത്തിൽ 108 Nm ടോർക്കും ഉത്പാദിപ്പിക്കും. റിപ്പോർട്ട് പ്രകാരം സ്റ്റാൻഡേർഡ് മാനുവൽ ഗിയർബോക്സിന് പുറമെ ഓപ്ഷണൽ സിവിടി യൂണിറ്റും തെരഞ്ഞെടുക്കാൻ കഴിയും.
ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റിയർ വ്യൂ പാർക്കിംഗ് ക്യാമറ,16 ഇഞ്ച് അലോയ്കൾ, റഡാർ ബ്രേക്കിംഗ് സപ്പോർട്ട്, ഡാബ് റേഡിയോയും സ്മാർട്ട് ഫോൺ കണക്റ്റിവിറ്റിയും ഉൾക്കൊള്ളുന്ന 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഒരുങ്ങുന്നു. അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം ഇപ്പോൾ ലൈനപ്പിലുടനീളം ഒരു സ്റ്റാൻഡേർഡ് സവിശേഷതയായി ഒരുങ്ങുന്നു.






