
ബുദ്ധിയുടെ കാര്യത്തിൽ നായകൾ എപ്പോഴും ഒരുപടി മുന്നിലാണെന്ന് കൂട്ടുകാർക്കറിയാമല്ലോ? ഈ ബുദ്ധിയുപയോഗിച്ച് ഇവ ചെയ്യുന്ന പല കാര്യങ്ങളും നമ്മെ അൽഭുതപ്പെടുത്താറുമുണ്ട്. അങ്ങനെയൊരു നായ്ക്കുട്ടിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. രണ്ടാൾപ്പൊക്കമുള്ള കൂടിന് മുകളിലേക്ക് സിമ്പിളായി കയറുന്ന നായക്കുട്ടിയാണ് വീഡിയോയിലെ താരം. അനായാസേന കൂടിന് മുകളിൽ കയറിയ നായ്ക്കുട്ടിയെ അനുകരിക്കാൻ കൂട്ടുകാർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
നമ്മുടെ കുഞ്ഞൻ നായ്ക്കുട്ടി കയറിയപ്പോഴാണ് ഇങ്ങനെയൊരു സാധ്യത മറ്റുള്ളവർ ആലോചിക്കുന്നത് തന്നെ. പിന്നെ ഒന്നും നോക്കിയില്ല. ഓരോരുത്തരായി കൂട്ടിന് മുകളിലേക്ക് കയറാനുള്ള ശ്രമങ്ങളായി. ഈ ശ്രമത്തിന്റെ ഫലമായി കൂട്ടത്തിലൊരാൾ കൂടിന് പുറത്തെത്തിയതും വീഡിയോയിൽ കാണാം. ബുട്ടെൻഗിബ്ഡനെന്ന ട്വിറ്റർ അക്കൗണ്ടിലാണ് 18 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'ഇന്നുമുതൽ വിപ്ലവമാരംഭിക്കുന്നു'വെന്ന അടിക്കുറിപ്പോടെ പങ്കുവെയ്ക്കപ്പെട്ട വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായെത്തിയത്.
മറ്റുള്ളവർക്ക് വഴികാട്ടിയായ നായ്ക്കുട്ടി, പുത്തൻ വിപ്ലവത്തിന് തുടക്കം കുറിച്ചുവെന്നുമെല്ലാം പലരും വീഡിയോയ്ക്ക് താഴെ കമെന്റ് ചെയ്തു. 29 ലക്ഷത്തിലധികം ആൾക്കാരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്.
The rebellion starts today.. 😅 pic.twitter.com/SR3k58ueCx
— Buitengebieden (@buitengebieden_) September 4, 2020






