
ന്യൂഡല്‍ഹി : ഐസിഐസിഐ ബാങ്ക് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്ത വ്യവസായി ദീപക് കോച്ചാറിന് കോവിഡ് സ്ഥിരീകരിച്ചു. ഐസിഐസിഐ ബാങ്ക് മുന്‍ ചെയര്മാന് ഛന്ദ കോച്ചാറിന്റെ ഭര്‍ത്താവാണ് ദീപക്.
പ്രത്യേക കോടതി നേരത്തെ ദീപക് കോച്ചാറിനെ 11 ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്നാല്‍, കോവിഡ് സ്ഥിരീകരിച്ചതോടെ എയിംസില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഇ.ഡി ഓഫീസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ അഭിഭാഷകന് ക്വാറന്റീനില്‍പോയി.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ദീപക് കോച്ചാറിനെ അറസ്റ്റു ചെയ്തിട്ടുള്ളത്. വീഡിയോകോണിന് വ്യവസ്ഥകള്‍ ലംഘിച്ച് 1875 കോടിരൂപ ഐസിഐസിഐ ബാങ്ക് നേരത്തെ വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കോച്ചാറും ഭര്‍ത്താവ് ദീപക് കോച്ചാറും പ്രതിക്കൂട്ടിലായത്.






