
ലണ്ടന്‍ : സ്പാനിഷ് ക്ലബ്ബ് ബാഴ്സിലോണ വിടാനൊരുങ്ങുകയും പണത്തിന്റെ കാര്യത്തില്‍ തട്ടി നീക്കം അവസാനിപ്പിക്കുകയും ചെയ്ത ലോകത്തെ വിലയേറിയ താരങ്ങളില്‍ ഒരാളായ അര്ജന്റീനക്കാരന് ലിയോണേല്‍ മെസ്സി ലോകത്തെ ഏറ്റവും സമ്പന്നനായ ഫുട്ബോള്‍ കളിക്കാരന്. ഫോബ്സ് മാസികയുടെ പുതിയ പട്ടികയില്‍ ബാഴ്സിലോണാ താരം കളത്തിലെ എല്ലാ കാര്യത്തിലും എതിരാളിയായ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെയാണ് പിന്നിലാക്കിയത്. മെസ്സിയുടെ ഈ വര്‍ഷത്തെ എല്ലാ വിഭാഗങ്ങള്‍ വഴിയുമുള്ള വരുമാനം 126 ദശലക്ഷം ഡോളറാണ്.
ശമ്പളം ഇനത്തില്‍ മാത്രം 92 ദശലക്ഷം ഡോളര്‍ കൈപ്പറ്റുന്ന മെസ്സി പരസ്യകരാറുകളിലൂടെ നേടുന്നത് 34 ദശലക്ഷമാണ്. സമ്പത്തിന്റെ കാര്യത്തില്‍ മാത്രം രണ്ടാമതായി പോയ ക്രിസ്ത്യാനോ റൊണാള്ഡോയ്ക്കാകട്ടെ 117 ദശലക്ഷം ഡോളറാണ് കയ്യിലുള്ളത്. മെസ്സിയുടെ മുന്‍ സഹതാരവും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ സൂപ്പര്‍താരവുമായ ബ്രസീലിയന്‍ താരം നെയ്മറാണ് മൂന്നാമത്. 96 ദശലക്ഷം ഡോളറാണ് നെയ്മറുടേത്. ഫ്രഞ്ച് ക്ലബ്ബില്‍ നെയ്മറുടെ സഹതാരമായ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ 42 ദശലക്ഷം ഡോളറുമായി നാലാമത്തെ ഏറ്റവും സമ്പന്നനായ ഫുട്ബോളറാണ്.
ഇംഗഌഷ് പ്രീമിയര്‍ ലീഗാണ് ഏറ്റവും സമ്പന്നമായ പ്രാദേശിക ഫുട്ബോള്‍ ലീഗ്. ചാംപ്യന്മാരായ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായാണ് പട്ടികയില്‍ അഞ്ചാമത്. 37 ദശലക്ഷം ഡോളറാണ് സലാ കളത്തില്‍ നിന്നും പുറത്ത് നിന്നും ഉണ്ടാക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ 34 ദശലക്ഷം ഡോളറുമായി ആറാമതും നില്ക്കുന്നു. ആദ്യ പത്തുപേരുടെ പട്ടികയിലുള്ള മൂന്ന് പ്രീമിയര്‍ ലീഗ് താരങ്ങളില്‍ രണ്ടു പേരും ഇവരാണ്. പോഗ്ബയുടെ ടീംമേറ്റും ബാഴ്സിലോണയുടെ താരവുമായ അന്റോണിയോ ഗ്രീസ്മാന്, റയലിന്റെ ഗരത് ബെയ്ല് എന്നിവരാണ് ഏഴും എട്ടും സ്ഥാനത്ത്. ജര്‍മ്മന്‍ ബുണ്ടാസ് ലീഗില്‍ നിന്നും ആദ്യ പത്തിലെ പട്ടികയില്‍ ഉള്‍പ്പെട്ടത് ബയേണിന്റെ മുന്നേറ്റതാരവും പോളണ്ടുകാരനുമായ ലെവന്‍ഡോവ്സ്ക്കിയാണ്. ഒമ്പതാം സ്ഥാനത്തുള്ള ലെവന്‍ഡോവ്സ്ക്കിക്ക് പിന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ കീപ്പര്‍ ഡീ ജിയയുമുണ്ട്.
യുവേഫാ ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരായ ബയേണിനോട് 8-2 ന് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷമായിരുന്നു മെസ്സി ബാഴ്സിലോണ വിടാനൊരുങ്ങിയത്. എന്നാല്‍ അടുത്ത വര്‍ഷം വരെ കരാര്‍ നില്ക്കുന്നതിനാല് കാലാവധി പൂര്‍ത്തിയാക്കാതെ ക്ലബ്ബ് വിട്ടാല്‍ താരം 700 ദശലക്ഷം യൂറോ മോചനദ്രവ്യമായി നല്‍കേണ്ട സ്ഥിതി വരുമായിരുന്നു. ഇതോടെയാണ് താരം നീക്കം ഉപേക്ഷിച്ചത്. 83 ദശലക്ഷം ഡോളര്‍ ബോണസ് കൂടി ബാഴ്സിലോണ നല്കുമ്പോള് സമ്പന്നരായ ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ താരം ഉടനൊന്നും താഴെ പോകില്ലെന്നാണ് വിവരം.





