
ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹനനിര്‍മാതാക്കളായ അശോക് ലെയ്ലാന്റിന്റെ പുതിയ ഗുഡ്സ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. ബഡാ ദോസ്ത് എന്ന പേരിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഐ3, ഐ4 എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ബഡാ ദോസ്തിന് 7.75 ലക്ഷം രൂപ മുതല്‍ 7.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. നിലവില്‍ നിരത്തിലുള്ള ദോസ്തിന്റെ പ്ലാറ്റ്ഫോമിലാണ് ഇത് ഒരുങ്ങുന്നത്.
ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച സാങ്കേതിക വിദ്യയും ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യം നല്കുന്ന ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലൈറ്റ് വാണിജ്യ വാഹനങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതിനായെത്തിയ ബഡാ ദോസ്ത്തിന് 1860 കിലോഗ്രാമും 1405 കിലോഗ്രാമും ഭാരം വഹിക്കാനുള്ള ശേഷിയാണ് നല്‍കിയിട്ടുള്ളത്.
ബഡാ ദോസ്ത്തിന് കരുത്തേകുന്നത് 80 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഇന്റര്‍കൂള്‍ഡ് ഡീസല്‍ എന്‍ജിനാണ്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്സ്മിഷന്. കുറഞ്ഞ ടേണിങ് റേഡിയസും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ബഡാ ദോസ്തിൽ ഉണ്ട്. ഓപ്ഷണലായി നല്കുന്ന എയര്‍ കണ്ടീഷന്‍, ഡ്രൈവറുടേത് ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍,മ്യൂസിക് സിസ്റ്റം, ആകര്‍ഷകമായ സ്റ്റിയറിങ്ങ് വീല്‍, ഗിയര്‍ പൊസിഷന്‍ തുടങ്ങിയവ ക്യാബിന്റെ ഇന്റീരിയറിൽ ഒരുങ്ങുന്നു.






