
ഐപാഡ് എയർ മുതൽ വാച്ച് സീരീസ് 6 വരെ; പുതിയ ഡിവൈസുകളുമായി ആപ്പിള്‍കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക അവതരണ പരിപാടിയില്‍ ആപ്പിള്‍ വാച്ച് സീരീസ് 6, ആപ്പിള്‍ വണ്‍ സര്‍വീസ്, പുതിയ ഐപാഡ് എയര്‍ ഉള്‍പ്പടെ ഒരു കൂട്ടം പുതിയ ഉല്‍പ്പന്നങ്ങളാണ് ആപ്പിള്‍ അവതരിപ്പിച്ചത്. അതേസമയം, എല്ലാവരും ഏറെ പ്രതീക്ഷിച്ചിരുന്ന ഐഫോണ്‍ 12 മാത്രം കമ്പനി പുറത്തിറക്കിയില്ല.
സീരീസ് 4 ന്റേയും സീരീസ് 5ന്റേയും അതേ രൂപകല്പനയില് തന്നെയാണ് ആപ്പിള്‍ വാച്ച് സീരീസ് 6 എത്തുന്നത്. വേഗതകൂടിയ എസ്6 ചിപ്പ് ആണ് വാച്ചിലുള്ളത്. രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താന്‍ സാധിക്കുന്ന ഓക്സിമീറ്റര്‍ സെന്‍സര്‍ വാച്ചിലുണ്ട്. പുതിയ മോഡലിന് ഇന്ത്യയില്‍ 40,900 രൂപയാണ് വില. ആപ്പിള്‍ വാച്ച് എസ്ഇയും പുറത്തിറക്കി. എസ്5 ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ പ്രവര്‍ത്തനം വാച്ച് ഓഎസ് 7 നിലാണ്. ജിപിഎസ്, സെല്ലുലാര്‍ പതിപ്പുകള്‍ എത്തുന്നു. ഇതില്‍ ജിപിഎസ് മോഡലിന് 29900 രൂപയാണ് വില.
ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍കേഡ്, ആപ്പിള്‍ ന്യസ് പ്ലസ്, ഐ ക്ലൗഡ് സ്റ്റോറേജ് എന്നിവ ആപ്പിള്‍ വണ്‍ സേവനത്തിലൂടെ ഇനി ഒരു കുടക്കീഴില് ലഭ്യമാവും. ആപ്പിള്‍ ആരംഭിച്ച പുതിയ ഫിറ്റ്നസ് സേവനമാണ് ആപ്പിള്‍ ഫിറ്റ്നസ്. വ്യായാമത്തിനുള്ള ക്ലാസുകള്‍, യോഗ പരിശീലനം തുടങ്ങിയവ ഈ സേവനത്തില്‍ ലഭിക്കും. ആപ്പിള്‍ വാച്ചുമായി ബന്ധപ്പെട്ടുള്ള ഈ സേവനത്തിന് പ്രതിമാസം 9.99 ഡോളര്‍ ആണ് ചിലവ്.
പുതിയ ഐപാഡുകള്‍ എ12 ബയോണിക് ചിപ്പ് ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 29,900 രൂപയാണ് ഇതിന് വില. പഴയ മോഡലിന്റെ അതേ രൂപകല്പനയാണ് ഇതിന്. ഐപാഡ് എയറും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐപാഡ് എയറില്‍ ഫെയ്സ് ഐഡി സൗകര്യമുണ്ട്. അടുത്തമാസം മുതല്‍ 54,900 രൂപയ്ക്ക് ഇത് വാങ്ങാം.






