
അബുദാബി : ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ‘സിക്സ് പായ്ക്ക്’ ചിത്രം ഏറ്റെടുത്ത് ആരാധകർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം എഡിഷന്റെ ഭാഗമായി ഇത്തവണ അർജുനുമുണ്ട്. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനൊപ്പം നെറ്റ് ബോളർ എന്ന നിലയിലാണ് ഇരുപതുകാരനായ അർജുൻ യുഎഇയിലെത്തിയത്.
ഫിറ്റ്നസ്സിലും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നയാളാണ് സൂപ്പർതാരത്തിന്റെ മകൻ എന്ന് വ്യക്തമാക്കുന്നതാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം. മുൻപും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും അർജുൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ, മുംബൈ ഇന്ത്യൻസ് താരങ്ങൾക്കൊപ്പം അബുദാബിയില്‍ നിന്നുള്ള ഒരു ചിത്രത്തിൽ അർജുനെയും കണ്ടത് ആരാധകർക്കിടയിൽ കൗതുകം സൃഷ്ടിച്ചിരുന്നു. സൂപ്പർതാരത്തിന്റെ പുത്രനെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തെന്ന തരത്തിൽ അഭ്യൂഹങ്ങളും പരുന്നു. ഇതിനിടെയാണ് അർജുൻ നെറ്റ് ബോളറെന്ന നിലയിലാണ് മുംബൈ ഇന്ത്യൻസിനൊപ്പം യുഎഇയിലെത്തിയതെന്ന് വ്യക്തമായത്.






