
ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് എം.എസ്. ധോണിയുടെ ട്രേഡ് മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ട് സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന രാജസ്ഥാന് റോയല്‍സ് നായകന് സ്റ്റീവ് സ്മിത്തിന്റെ വീഡിയോ വൈറലായി. നെറ്റ്സില്‍ ബാറ്റിങ് പരിശീലിക്കുന്നതിനിടെയാണു സ്മിത്ത് ഹെലികോപ്റ്റര്‍ ഷോട്ടില്‍ കൈവെച്ചത്. രാജസ്ഥാന് റോയല്‍സ് അവരുടെ ട്വിറ്റര്‍ ഹാന്ഡിലിലൂടെയാണു വീഡിയോ പുറത്തുവിട്ടത്. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ 16 റണ്ണിനു തോല്‍പ്പിച്ചിരുന്നു.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണിനൊപ്പം തകര്‍ത്തു കളിച്ച സ്മിത്ത് 47 പന്തില്‍ നാല് സിക്സറും നാല് ഫോറുമടക്കം 69 റണ്‍ നേടി. 32 പന്തില്‍നിന്നു സഞ്ജു 74 റണ്‍ അടിച്ചെടുത്തു. 27 നു പഞ്ചാബ് കിങ്സ് ഇലവനെതിരേ നടക്കുന്ന മത്സരത്തില്‍ സ്മിത്ത് ഹെലികോപ്റ്റര്‍ ഷോട്ട് പുറത്തെടുക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.






