
ലോസ്ആഞ്ചലസ് : ചില ഭക്ഷണങ്ങളോട് പലര്‍ക്കും വളരെ അമിതമായ ഇഷ്ടം ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ അമിതമായി മിഠായി കഴിച്ച് മരിച്ച ഒരാളുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. യു.എസിലെ മസാച്യുസെറ്റ്സിലെ കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായിരുന്നു 54-കാരനാണ് ലികറിഷ് ( Liquorice ) മിഠായി അമിതമായി കഴിച്ച് മരണമടഞ്ഞത്. ദിവസവും ഒന്നര ബാഗ് ബ്ലാക്ക് ലികറിഷ് കാന്‍ഡിയായിരുന്നു ഇയാള്‍ കഴിച്ചിരുന്നത്.
ലികറിഷില് അടങ്ങിയിരുന്ന ഗ്ലിസൈറിസിക് ആസിഡ് അമിതമായതാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു റെസ്റ്റോറന്റില്‍ വച്ചാണ് ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ' ദ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഒഫ് മെഡിസി'നില് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇദ്ദേഹത്തിന്റെ മരണകാരണത്തെ പറ്റി ഡോക്ടര്‍മാര്‍ വിശദീകരിച്ചത്. ലികറിഷ് കാന്ഡിയിലടങ്ങിയിരിക്കുന്ന ഗ്ലിസൈറിസിക് ആസിഡ് അമിതമായി മനുഷ്യരിലെത്തിയാല്‍ ഹെപ്പര്‍ടെന്‍ഷന്‍, ഹൈപ്പോകലെമിയ, മെറ്റാബൊളിക് ആല്‍ക്കലോസിസ്, ഫേറ്റല്‍ അറീത്മിയാസ്, വൃക്ക രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് കാരണമാകും.
മരിച്ച തൊഴിലാളിയ്ക്കും ഈ രോഗങ്ങളെല്ലാം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം കുറയുന്ന അവസ്ഥയാണ് ഹൈപ്പോകലെമിയ. ഇരട്ടിമധുരത്തിന്റെ വേരുകള്‍, പഞ്ചസാര, ഫ്ലേവര്‍, ജെലാറ്റിന്‍ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്നതാണ് ലികറിഷ് കാന്‍ഡി. സാധാരണ കറുപ്പ് നിറത്തിലുള്ള ഇവ നിറങ്ങളിലും നിര്‍മ്മിക്കാറുണ്ട്.






