
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന് നേരേ വധഭീഷണി സന്ദേശം. ദുര്‍ഗ വേഷം ധരിച്ച് പരസ്യചിത്രത്തില്‍ അഭിനയിച്ചതിനെതിരെയാണ് ചിലര്‍ വധഭീഷണി മുഴക്കി രംഗത്തെത്തിയത്. നുസ്രതിന്റെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.
സെപ്റ്റംബര്‍ പതിനേഴിനാണ് ദുര്‍ഗ വേഷം ധരിച്ച ചിത്രം നുസ്രത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിന് ശേഷം അവര്‍ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് പോകുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചു ദിവസത്തിനു ശേഷമാണ് ചിലര്‍ വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
‘ഈ വിവരം ബംഗാള്‍ ആഭ്യന്തര മന്ത്രാലയത്തെയും ലണ്ടനിലെ ഇന്ത്യന്‍ എംബസിസേയും അറിയിച്ചിട്ടുണ്ട്. വിദേശത്തായതിനാല്‍ നുസ്രതിന് അധിക സുരക്ഷയുറപ്പാക്കാന്‍ എംബസി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’- നുസ്രതിന്റെ ഓഫീസ് ജീവനക്കാരന് എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ഇതാദ്യമായല്ല നുസ്രതിന് നേരേ ഇത്തരം ഭീഷണികളുയരുന്നത്. മതേതര നിലപാടുകളുടെ പേരില്‍ നേരത്തേയും നുസ്രതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
പാര്‍ലമെന്റില്‍ സിന്ദുരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിനും അവര്‍ക്കെതിരെ ഒരു വിഭാഗം മതമൗലികവാദികള്‍ ഭീഷണികളുമായി രംഗത്തെത്തിയിരുന്നു.
നുസ്രതിന്റെ ചിത്രം അനുവാദമില്ലാതെ ചിലര്‍ ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തിനായി ഉപയോഗിച്ചതും ഏറെ വിവാദമായിരുന്നു. ഇതിനെതിരെ നുസ്രത് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.





