
തങ്ങളുടെ പുത്തൻ ഫിറ്റ്നസ് ബാൻഡ് സ്മാർട്ട് ബാൻഡ് 5 ഇന്ത്യയിലവതരിപ്പിച്ച് ചൈനീസ് ടെക് ഭീമന്മാരായ ഷവോമി. സ്മാർട്ട് ബാൻഡ് 5, ബ്ലാക്ക്, നേവി ബ്ലൂ, ടീൽ, പർപ്പിൾ, ഓറഞ്ച് എന്നിങ്ങനെ 5 സ്ട്രാപ്പ് നിറങ്ങളിൽ ലഭ്യമാണ്. 2,499 രൂപ ആണ് വില. എംഐ സ്മാർട്ട് ബാൻഡ് 5 അടുത്ത മാസം ഒന്നാം തിയതി മുതൽ Mi.com, ആമസോൺ വെബ്സൈറ്റ് വഴിയും റീറ്റെയ്ൽ സ്റ്റോറുകൾ വഴിയും വാങ്ങാം.
24 മണിക്കൂറും ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, ഉറക്കം നിരീക്ഷിക്കുക, REM (ദ്രുത നേത്ര ചലനം), സ്ട്രെസ് മോണിറ്ററിംഗ്, ശ്വസന വ്യായാമം, സ്റ്റെപ്പ് കൗണ്ട്, കലോറി കൗണ്ട് എന്നിവ എംഐ സ്മാർട്ട് ബാൻഡ് 5 വഴി സാധിക്കും. നടത്തം, റൈഡിങ്, നീന്തൽ, വ്യായാമം, യോഗ, ഔട്ഡോർ റണ്ണിങ്, ഇൻഡോർ റണ്ണിങ്, റോയിംഗ് മെഷീൻ, ഇൻഡോർ റൈഡിംഗ്, എലിപ്റ്റിക്കൽ മെഷീൻ, റോപ്പ് സ്കിപ്പിംഗ് എന്നിങ്ങനെ പല ആക്ടിവിറ്റികളും സ്മാർട്ട് ബാൻഡ് 5 വഴി ട്രാക്ക് ചെയ്യാം.
എംഐ സ്മാർട്ട് ബാൻഡ് 5-ന് 126x294 പിക്സൽ റെസല്യൂഷനുള്ള 1.6 ഇഞ്ച് അമോലെഡ് കളർ ഫുൾ ടച്ച് ഡിസ്പ്ലേയാണ് ലഭിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 16 ബിറ്റ് കളർ, 450 നിറ്റ്സ് ബ്രൈറ്റ്നെസ്സ് എന്നിവ ഉണ്ട്. പുത്തൻ സ്മാർട്ട് ബാൻഡിന് എംഐ സ്മാർട്ട് ബാൻഡ് 4-മായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 20 ശതമാനം കൂടുതൽ ഡിസ്പ്ലേ ഏരിയയുണ്ട് എന്ന് ഷവോമി അവകാശപ്പെടുന്നു. എംഐ സ്മാർട്ട് ബാൻഡ് 5 സാധാരണ ഉപയോഗത്തിൽ 14 ദിവസത്തെ ബാറ്ററി ലൈഫും, പവർ സേവിംഗ് മോഡിൽ 21 ദിവസം വരെ പ്രവർത്തിപ്പിക്കാം.






